പച്ചടി പലതരത്തിലുണ്ട്. ഓണസദ്യയിൽ വിവിധതരത്തിലുള്ള പച്ചടി വിഭവങ്ങളുണ്ട് . വെള്ളരിക്ക പച്ചടി, ബീറ്റ് റൂട്ട് പച്ചടി, കുമ്പളങ്ങ പച്ചടി അങ്ങനെ പോകുന്നു പച്ചടി കൊണ്ടുള്ള വിഭവങ്ങൾ. മത്തങ്ങ കൊണ്ട് ആരെങ്കിലും പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ. ഇത്തവണ ഓണത്തിന് സ്വാദൂറും മത്തങ്ങ പച്ചടി ഉണ്ടാക്കി നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

തൈര് – 1 കപ്പ്‌ പുളിയില്ലാത്തത്
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാല്‍ കിലോ
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പച്ചമുളക് – 2 എണ്ണം

അരപ്പിനു വേണ്ട സാധനങ്ങള്‍

വെളുത്തുള്ളി – രണ്ട് അല്ലി
തേങ്ങ – ചിരവിയത് അര മുറി 
കടുക് – അര ടിസ്പൂണ്‍
ജീരകം – ഒരു നുള്ള്
ചെറിയ ഉള്ളി – 6 എണ്ണം

താളിക്കാന്‍

വെളിച്ചെണ്ണ – ഒരു ടിസ്പൂണ്‍
കടുക് – ഒരു നുള്ള്
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ മത്തങ്ങാ കഷ്ണങ്ങളും പച്ചമുളകും മഞ്ഞള്‍പ്പൊടിയും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക .
തേങ്ങയുടെ കൂടെ ചെറിയ ഉള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി ഇവ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക .ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക . ആവി വരുമ്പോള്‍ ഉടച്ച തൈര് ചേര്‍ത്ത് തീ അണയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു താളിക്കുക. സ്വാദൂറും മത്തങ്ങാ പച്ചടി തയ്യാറായി.