കശുവണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കശുവണ്ടി. ആന്റിഓക്സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്മാണ് കശുവണ്ടി. ദിവസവും ഒരു പിടി കശുവണ്ടി നിർബന്ധമായും കഴിക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റ് റുജുത ദിവേക്കർ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. 

കശുവണ്ടി കഴിക്കുന്നതിലൂടെ ശരീരത്തിന് ഉപയോഗപ്രദമായ ധാതുക്കൾ നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുമെന്നാണ് റുജുത ദിവേക്കർ പറയുന്നത്. കശുവണ്ടിയിൽ വിറ്റാമിൻ സി മറ്റ് ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ടെന്നും പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുമെന്നാണ് റുജുത പറയുന്നത്.

കുട്ടികൾക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുമെന്നും റുജുത പറഞ്ഞു.

നട്സുകളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു. 

ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണെന്നും റുജുത പറഞ്ഞു. മൈക്രോ പോഷകങ്ങളായ പൊട്ടാസ്യം, വിറ്റാമിൻ ഇ, ബി 6, ഫോളിക് ആസിഡ് എന്നിവ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. 

കശുവണ്ടിയുടെ കൊഴുപ്പിന്റെ 75 ശതമാനത്തിലധികവും ഒലെയ്ക് ആസിഡാണ്. ഇത് ഹൃദയാരോഗ്യമുള്ള മോണോ അപൂരിത കൊഴുപ്പ് എന്നും അറിയപ്പെടുന്നു. കശുവണ്ടിപ്പരിപ്പ് നാരുകളുടെ നല്ല ഉറവിടമാണ്, ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുമെന്നും റുജുത പറഞ്ഞു.