ചായക്കൂട്ടത്തിലെ താരങ്ങളാണ് ഗ്രീൻ ടീയും വൈറ്റ് ടീയും. ചായയുടെ ദോഷങ്ങൾ ഒഴിവാക്കാൻ ചായപ്രേമികൾക്കുള്ള ഒറ്റമൂലിയാണ് ഇവ. തേയിലച്ചെടിയിൽ നിന്നുതന്നെയാണ് ഇവയും എടുക്കുന്നത്. തേയിലച്ചെടിയുടെ തളിരിലകൾ മാത്രം ഉണക്കി എടുക്കുന്നതാണ് ഗ്രീൻ ടീ. അത് ചതയ്ക്കുകയോ പൊടിക്കുകയോ പതിവില്ല. ബ്ലാക്ക് ടീയെ അപേക്ഷിച്ച് ഗുണമേന്മയും വിലയും കൂടുതലാണ് ഗ്രീൻ ടീയ്ക്ക്. തേയിലച്ചെടിയുടെ കൂമ്പ് മാത്രം ഉണക്കി എടുക്കുന്നതാണ് വൈറ്റ് ടീ. ചായകളിൽ ഏറ്റവും ഗുണവും വിലയും ഇതിനാണ്. ചായപ്പൊടിയെ/ബ്ലാക്ക് ടീയെ അപേക്ഷിച്ച് ലഭ്യത കുറവാണെന്നതും വില വളരെ അധികമാണെന്നതുമാണ് ഗ്രീൻ/വൈറ്റ് ടീകളിലെ മായം ചേർക്കലിനു കാരണമെന്ന്  ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ വ്യക്തമാക്കുന്നു.

ഗുണം കൂടുതൽ

ഗ്രീൻ ടീക്കും വൈറ്റ് ടീക്കും ചായപ്പൊടിയെ അപേക്ഷിച്ച് സംസ്കരണപ്രക്രിയ കുറവാണ്. വൈറ്റ് ടീ ഉണക്കി എടുക്കുക മാത്രമാണെങ്കിൽ ഗ്രീൻ ടീക്ക് ചെറിയതോതിലുള്ള സംസ്കരണം നടത്തുന്നുണ്ട്. എന്തായാലും ചായപ്പൊടിയുടെ സംസ്കരണപ്രക്രിയയിൽ നഷ്ടപ്പെടുന്ന ചായയുടെ ഗുണങ്ങൾ വലിയതോതിൽ ഗ്രീൻ ടീയിലും പൂർണ്ണമായും വൈറ്റ് ടീയിലും സംരക്ഷിക്കപ്പെടുന്നു. സാധാരണ ചായപ്പൊടിയിലും കൂടുതൽ ആൻ്റി ഓക്സൈഡുകൾ ഗ്രീൻ ടീയിലും വൈറ്റ് ടീയിലും ഉണ്ടാകും. ഹൃദയാരോഗ്യത്തിനും ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതിനും ഏറെ പ്രയോജനപ്രദമായ ഘടകമാണ് ഈ ആൻ്റി ഓക്സൈഡുകൾ. ബ്ലാക്ക് ടീയിൽ കാണപ്പെടുന്ന കഫീൻ്റെ പകുതിയേ ഗ്രീൻ ടീയിൽ കാണൂ, അതിലും കുറവായിരിക്കും വൈറ്റ് ടീയിൽ.

 
 

വില കുറഞ്ഞ മായം

ബ്ലാക്ക് ടീയെ അപേക്ഷിച്ച് കുറവാണെങ്കിലും ഗ്രീൻ/വൈറ്റ് ടീകളിലും മായം ചേർക്കൽ നന്നായുണ്ട്. നൂറ്റാണ്ടുകൾക്കു മുന്നേ തന്നേ ചായയിൽ മായം ചേർക്കൽ പ്രചാരത്തിലുണ്ടായിരുന്നതായി രേഖകളുണ്ട്. ലോകത്തെ ചായ വ്യാപാരം മുഴുവൻ ചൈനയുടേതായിരുന്ന കാലത്തേ ഇറക്കുമതി ചെയ്തിരുന്ന ചായകളിൽ മായമുണ്ടെന്ന് ഇംഗ്ളണ്ടിലേയും മറ്റും വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഒരിക്കൽ ഉപയോഗിച്ച് ഉപേക്ഷിച്ച തേയിലകളും തേയിലകളോട് സാമ്യം തോന്നുന്ന മറ്റ് ഇലകളും ഉണക്കി കലർത്തലാണ് ഗ്രീൻ ടീയിലേയും വൈറ്റ് ടീയിലേയും പ്രധാന മായം ചേർക്കൽ. വ്യതാസം തിരിച്ചറിയാതിരിക്കാനായി കൃത്രിമനിറങ്ങളും മണവും എസ്സെൻസും കലർത്തും. ഇങ്ങനെ കലർത്തുന്ന രാസപദാർത്ഥങ്ങളാണ് ചായയിലെ മായത്തെ ഏറ്റവും മാരകമാക്കുന്നതെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. പ്രഷ്യൻ ബ്ലൂ, ബിസ്മാർക്ക് ബ്രൗൺ, ഇൻഡിഗോ, പ്ലംബാഗോ (ഗ്രാഫൈറ്റ്), കോൾ ടാർ ഡൈ, അസോ ഡൈ, ജിപ്സം തുടങ്ങിയവയൊക്കെ ഇങ്ങനെ മോശം ചായ തിരിച്ചറിയാതിരിക്കാനായി ഉപയോഗിക്കുന്ന വസ്തുക്കളാണ്.

പ്രത്യാഘാതം കൂടുതൽ

പൊതുവേ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാഗ്രഹിക്കുന്നവർ ഉപയോഗിക്കുന്നവയാണ് ഗ്രീൻ ടീയും വൈറ്റ് ടീയും. അതുകൊണ്ടുതന്നെ അതിൽ ചേർക്കുന്ന മായങ്ങളുടെ പ്രത്യാഘാതങ്ങൾ ഗുരുതരമാക്കുന്നു. ദോഷം കുറയ്ക്കാനായി ഗ്രീൻ ടീ കുടിക്കുന്ന ക്യാൻസർ ബാധിതരായവരിലേക്ക് ക്യാൻസർ വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ മായമായി ചെന്നാലുള്ള സ്ഥിതി പറയേണ്ടതില്ലല്ലോ.  മനുഷ്യശരീരത്തിൽ വിഷമായി പ്രവർത്തിക്കുന്നവയാണ് മായം തിരിച്ചറിയാതിരിക്കാനായി ചേർക്കുന്ന പ്രഷ്യൻ ബ്ലൂ പോലുള്ള രാസവസ്തുക്കൾ. പൊതുവേ ആരോഗ്യവാന്മാരായ മനുഷ്യർക്കുപോലും ഗുരുതരമായ കരൾ രോഗങ്ങളും ഹൃദ്രോഗവും ക്യാൻസറും വൃക്ക തകരാറും സന്ധികളിൽ വേദനയും ഒക്കെ ഈ മായം ചേർത്ത ചായ ഉണ്ടാക്കിത്തരും.

പരിശോധിച്ചറിയണം

ഗ്രീൻ/വൈറ്റ് ടീകളിൽ കലർത്തുന്ന കൃത്രിമ നിറങ്ങളും മറ്റ് രാസമായങ്ങളും തിരിച്ചറിയണമെങ്കിൽ ലബോറട്ടറികളിലെ വിശദമായ ശാസ്ത്രീയ പരിശോധനകൾ തന്നെ വേണ്ടിവരും. കയ്യിലിട്ട് തിരുമ്മിയോ പൊടിച്ചോ മണത്തോ രുചിച്ചോ ഒക്കെ അന്യവസ്തുക്കൾ വിദഗ്ധർക്ക് കുറെയൊക്കെ തിരിച്ചറിയാനായേക്കും. തേയില വിരലുകൾക്കിടയിലിട്ടു നന്നായി തിരുമുമ്പോൾ വിരലിൽ കറ പിടിച്ചാൽ മായത്തിൻ്റെ ലക്ഷണമാണ്. ഈർപ്പമുള്ള ബ്ലോട്ടിങ്ങ് പേപ്പറിൽ തേയിലയിട്ട് അല്പം അമർത്തിയാൽ മഞ്ഞ, ഓറഞ്ച്, ചുമപ്പ് നിറങ്ങൾ പരക്കുന്നുവെങ്കിൽ അതും നിറം ചേർത്തതിൻ്റെ അടയാളമാണ്. ഒരു ഗ്ലാസ്സ് തണുത്ത വെള്ളത്തിലേക്ക് തേയില ഇടുമ്പോൾ ഉടനെ വെള്ളത്തിൻ്റെ നിറം മാറിയാൽ അതും ശുദ്ധമായ ചായപ്പൊടിയല്ല. ശുദ്ധമായ തേയിലയിൽ നിന്നും സത്ത് ചൂടുവെള്ളത്തിലേ ഊർന്നിറങ്ങുകയുള്ളൂ. ചായപ്പൊടിയിലെ സത്ത് പോലെ ഗ്രീൻ/വൈറ്റ് ടീകളിലെ സത്ത് വരണമെന്നില്ല എങ്കിലും ശ്രദ്ധിച്ചാൽ വ്യത്യാസം അറിയാം. എന്നാൽ അത്തരം വീട്ടുമാർഗ്ഗങ്ങളെയൊക്കെ കടത്തിവെട്ടും വിധം അത്യാധുനികമാണ് ഇപ്പോഴത്തെ പല മായം ചേർക്കലുകളും. അത്തരം വീട്ടുമാർഗ്ഗങ്ങൾ ശാസ്ത്രീയപരിശോധനകൾക്കു മുമ്പുള്ള ഒരു ശ്രമമായി മാത്രമേ ഇന്നത്തെ കാലത്ത് എടുക്കാൻ കഴിയൂ.