Asianet News MalayalamAsianet News Malayalam

ചായയല്ലാത്ത ചായ

ഉന്മേഷദായകം എന്നതിനുപുറമെ ഏതെങ്കിലും ഔഷധഗുണം കൂടി ആഗ്രഹിച്ചാണ് ഹെർബൽ ടീ ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ മായം കലർന്നുവരുമ്പോൾ അവയെല്ലാം വിപരീത ഫലമാണ് ചെയ്യുക. ഹെർബൽ ടീ ഫ്ളേവറുകൾ അത്രമാത്രം വ്യത്യസ്തമായതിനാൽ അവയിൽ എന്തൊക്കെയാണ് മായമായി ചേർത്തിട്ടുണ്ടാകുക എന്ന് മുൻകൂട്ടി അറിയുക പ്രയാസമാണ്. 

Is herbal tea really good for your health
Author
Kochi, First Published Oct 25, 2019, 10:24 AM IST

 

ചായ കൊണ്ടുള്ള ദോഷങ്ങൾ ഒഴിവാക്കാൻ ചായപ്രേമികൾക്കുള്ള വഴിയാണ് വിവിധതരം ഹെർബൽ ടീകൾ. തേയിലക്കൊപ്പം ഇഞ്ചി, നാരങ്ങ, തുളസി തുടങ്ങിയവ കൂടി ചേർത്തുവരുന്ന ഫ്ലേവേഡ് ടീകളുമായി പലരും ഇവയെ തെറ്റിദ്ധരിക്കാറുണ്ട്, എന്നാൽ ഹെർബൽ ടീ എന്ന് പൊതുവേ വിശേഷിക്കപ്പെടുന്നവയിൽ തേയില കാണില്ല. അതുകൊണ്ടുതന്നെ ചായ എന്ന് യഥാർത്ഥത്തിൽ ഇവയെ വിളിക്കുന്നതും ശരിയല്ല, ശീലം കൊണ്ട് അങ്ങനെ ഒരു വിപണിനാമം വന്നുവെന്നേയുള്ളൂ. ടീസാൻ എന്നും അറിയപ്പെടുന്ന ഇത്തരം ലഘുപാനീയങ്ങൾക്ക് സാധാരണചായയുടെ രുചിയോ മണമോ ആയിരിക്കില്ല.

തേയിലയല്ലാത്ത ചെടികളുടെ, മിക്കവാറും സുഗന്ധവ്യഞ്ജനങ്ങളുടെ, ഇല, പൂവ്, കായ, തണ്ട്, വേര്, തൊലി എന്നിവയാണ് ഈ 'ചായ'കളിൽ ഉണ്ടാവുക. നാരങ്ങ, പുതിന, ലെമൺഗ്രാസ് എന്നിങ്ങനെയുള്ള ഇലകൾ, റോസ്, കാമൊമിലൈൻ, ചെമ്പരത്തി, ലാവെൻഡർ തുടങ്ങിയ പൂവുകൾ, കറുക, ആവൽ, ബ്ലാക് ബെറി തുടങ്ങിയവയുടെ തൊലികൾ, ഇഞ്ചി, ചിക്കറി തുടങ്ങിയവയുടെ വേരുകൾ,  റാസ്പ്ബെറി, പീച്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങൾ, ഏലം, ഗ്രാമ്പൂ, ഫെന്നൽ എന്നിങ്ങനെയുള്ള കായകൾ... ഒക്കെ ഉണക്കി ചെറിയ കഷ്ണങ്ങളായും പൊടിയായും ടീബാഗുകളായും ഹെർബൽ ടീ എന്ന പേരിൽ വിപണിയിൽ ലഭിക്കും. ഒറ്റയൊറ്റയായും പലതിൻറെയും മിശ്രിതങ്ങളായും ഹെർബൽ ടീ ഫ്ലേവറുകൾ വിപണിയിൽ കാണാം. ചായപോലെ ചൂടുവെള്ളത്തിലിട്ട് സത്ത് ലയിപ്പിച്ച് കുടിക്കാം. ഇവയുടെ ഉയർന്ന ഉപഭോക്തൃനിലവാരവും ലഭ്യതക്കുറവും വിലനിലവാരവും യഥാർത്ഥ രൂപഭാവങ്ങൾ സാധാരണ ഉപഭോക്താക്കൾക്ക് അറിയാതിരിക്കലുമാണ് ഈ രംഗത്തെ മായം ചേർക്കലിനു പിന്നിലെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ വ്യക്തമാക്കുന്നു. 

Is herbal tea really good for your health

കഫീനില്ല

കഫീൻ തീരെയില്ലാത്ത ചായയാണ് ഹെർബൽ ടീകൾ. അതുതന്നെയാണ് ഈ പേരിൻ്റെ ആകർഷണീയതയും. ചൂടുള്ള, ഉന്മേഷദായകമായ ഒരു ലഘുപാനീയം കുടിക്കണമെന്നുള്ളവർക്ക് കൂടുതൽ ആരോഗ്യകരമായ ഒരു ബദൽ മാർഗ്ഗം. മിക്കവാറും ലോകത്തെമ്പാടും നൂറ്റാണ്ടുകളായി ഏതെങ്കിലുമൊക്കെ തരത്തിൽ ഔഷധങ്ങളായി ഉപയോഗിച്ചിരുന്നവയാണ് ഹെർബൽ ടീകളിലെ ചേരുവകളെല്ലാം. ഹെർബൽ ടീയെന്നും മറ്റും പേരിട്ടിരുന്നില്ലെങ്കിലും പണ്ടുതൊട്ടേ തന്നെ ഇതേ രൂപത്തിൽ ഉപയോഗമുണ്ട്. തേയിലയിലൂടെ ലഭിക്കുന്ന ആൻ്റി ഓക്സൈഡുകൾ കൊണ്ടുള്ള ഗുണങ്ങൾ പക്ഷേ, എല്ലാ ഹെർബൽ ടീകളിലും ഉണ്ടാകണമെന്നില്ല. ആൻ്റി ഓക്സൈഡുകൾ ഉള്ള ഹെർബൽ ടീകളും അതില്ലാതെ വ്യത്യസ്തമായ മറ്റുഗുണങ്ങൾ ഉള്ള ഹെർബൽ ടീകളുമുണ്ട്. ഉപഭോക്താവ് തൻ്റെ ശാരീരികാവസ്ഥകൾക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കുകയാവും ഉചിതം. രുചിയുടെ വൈവിധ്യമാണ് ഹെർബൽ ടീകളുടെ മറ്റൊരാകർഷണീയത. തേയിലയുടെ രുചി പറ്റാത്തവർക്ക് വ്യത്യസ്തരുചികളുള്ള സസ്യങ്ങളുടെ വിശാലമായ ലോകമാണ് ഹെർബൽ ടീകൾ ഒരുക്കുന്നത്.
 
മായത്തിലെ വൈവിധ്യം

ഗുണനിലവാരം കുറഞ്ഞതോ ഒരിക്കൽ ഉപയോഗിച്ചതോ ആയവയും വിലകുറഞ്ഞതും ഗുണമില്ലാത്തതുമായ അന്യവസ്തുക്കളും കലർത്തലാണ് ഹെർബൽ ടീയിലേയും പ്രധാന മായമെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ വിശദീകരിക്കുന്നു. സസ്യഭാഗങ്ങൾ അത്രയും വ്യത്യസ്തമായതിനാൽ രൂപം കൊണ്ടോ രുചികൊണ്ടോ മണം കൊണ്ടോ ഒക്കെ സാമ്യം തോന്നുന്ന വ്യത്യസ്തമായ അന്യവസ്തുക്കളാണ് ഓരോന്നിലും ചേർക്കുന്നത്. പൊടികളിലും ടീബാഗുകളിലുമാണ് മായം കൂടുതൽ. കല്ലും മണ്ണും രാസപ്പൊടികളും ഒക്കെ കണ്ടേക്കാം. ചെറിയ കഷ്ണങ്ങളായി ലഭിക്കുന്ന മിശ്രിതത്തിൽ ചേർക്കുന്നവ മിക്കവാറും ജൈവപദാർത്ഥങ്ങൾ തന്നെയായിരിക്കും. അവ പലതും ഗുണമൊന്നുമില്ലാത്തവയാണെങ്കിലും കാര്യമായ ദോഷങ്ങളും ഉണ്ടാക്കാത്തവയാണ്. എന്നാൽ വിഷമായി ശരീരത്തിൽ പ്രവർത്തിക്കുന്ന ചില സസ്യഭാഗങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. പക്ഷേ, ഇങ്ങനെ ദോഷകരമാകാത്ത സസ്യഭാഗങ്ങളേയും അത്തരം മായം കലർന്ന യഥാർത്ഥ ഹെർബലുകളേയും വിഷമാക്കുന്നതാണ് ഇവയിൽ മായം തിരിച്ചറിയാതിരിക്കാനും രുചിയും മണവും തോന്നിപ്പിക്കാനും നിറമായും എസെൻസായുമൊക്കെ ചേർക്കുന്ന രാസവസ്തുക്കൾ. മായം കലർന്ന എല്ലാ ടീ പാക്കറ്റുകളും ഇങ്ങനെ രാസവിഷത്തിൽ കുളിച്ചാണ് നമുക്കുമുന്നിലെത്തുന്നത്.

തിരിച്ചറിയാനാവാത്ത ദോഷങ്ങൾ

ഉന്മേഷദായകം എന്നതിനുപുറമെ ഏതെങ്കിലും ഔഷധഗുണം കൂടി ആഗ്രഹിച്ചാണ് ഹെർബൽ ടീ ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ മായം കലർന്നുവരുമ്പോൾ അവയെല്ലാം വിപരീത ഫലമാണ് ചെയ്യുക.

Is herbal tea really good for your health

ഹെർബൽ ടീ ഫ്ളേവറുകൾ അത്രമാത്രം വ്യത്യസ്തമായതിനാൽ അവയിൽ എന്തൊക്കെയാണ് മായമായി ചേർത്തിട്ടുണ്ടാകുക എന്ന് മുൻകൂട്ടി അറിയുക പ്രയാസമാണ്. ഓരോന്നുമുണ്ടാക്കുന്ന അപകടങ്ങളും വ്യത്യസ്തമായിരിക്കും. ലോകമെമ്പാടും അത്രമാത്രം 'ഗവേഷണമാണ്' മായം ചേർക്കലുകാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ ഓരോ ഫ്ലേവറിലും ബ്രാൻ്റിലും ഏതൊക്കെ മായമാണ് എന്നു കണ്ടെത്തി അതിൻ്റെ ദോഷങ്ങൾ പഠിച്ച് മുൻകരുതലുകൾ എടുക്കേണ്ടിവരും. നിറമായും മറ്റും കലർത്തുന്ന വിഷകരമായ രാസവസ്തുക്കളുടെ പൊതുസ്വഭാവത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മാത്രമേ അതല്ലാതെ ഉപഭോക്താക്കൾക്ക് ലഭ്യമായുള്ളൂ.

പരിശോധിക്കാനും പാടേറെ

ഹെർബൽ ടീകളിലെ വൈവിധ്യം മായം തിരിച്ചറിയലും പ്രയാസമാക്കുന്നു. എന്താണ് മായം എന്ന് ഊഹിക്കാനാകാത്തതിനാൽ അവ ഉണ്ടോ എന്ന പരിശോധന നടത്തി മായമറിയാൻ ബുദ്ധിമുട്ടാണ്. ഓരോ ഹെർബൽ ചേരുവകളുടേയും ഘടകങ്ങളും ഗുണങ്ങളും കൃത്യമായുണ്ടോ, ഒന്നിൽ കാണപ്പെടേണ്ടതല്ലാത്ത അന്യചേരുവകൾ ഉണ്ടോ, ഉണ്ടെങ്കിൽ അവ എന്തൊക്കെ എന്ന രീതിയിൽ തിരിഞ്ഞുള്ള വിശദമായ ലബോറട്ടറി പരിശോധനകൾ ഓരോന്നിലും പ്രത്യേകം പ്രത്യേകം നടത്തിയേ അവ കണ്ടെത്താനാകൂ. ഹെർബൽ ടീകളുടെ രുചിയോ മണമോ ഒന്നും കൃത്യമായി തിരിച്ചറിയാൻ പറ്റാത്തതിനാൽ വീട്ടിൽ ചെയ്തു നോക്കാവുന്ന മാർഗ്ഗങ്ങളൊന്നും ഇക്കാര്യത്തിൽ ഒട്ടും സഹായകമാകില്ല. നേരിട്ട് അത്രമാത്രം അറിയുന്നതോ ഉന്നതമായ ബ്രാൻ്റ് മൂല്യങ്ങൾ പുലർത്തുന്നതോ ആയ ഉത്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുകയാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രായോഗികമായ മാർഗ്ഗം.

Follow Us:
Download App:
  • android
  • ios