കാപ്പിയിൽ ഫിൽറ്റർ കോഫിയും കഴിഞ്ഞുള്ള അവതാരമാണ് ഇൻസ്റ്റൻ്റ് കോഫി. ഇൻസ്റ്റൻ്റ് കാപ്പി ഒരു കപ്പ് ചൂടുവെള്ളത്തിൽ ഇട്ടാൽ മതി, ഒട്ടും പൊടി ബാക്കിയില്ലാതെ മുഴുവനായും അലിഞ്ഞ് രുചികരമായ കാപ്പിയാകും. മറ്റു കാപ്പികളേക്കാൾ കൂടുതലുള്ള എന്നാൽ കണ്ടെത്താൻ പ്രയാസമായവയാണ് ഇൻസ്റ്റൻ്റ് കോഫിയിലെ മായമെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ വ്യക്തമാക്കുന്നു. ഒരു പരിധി വരെ എൻഡ് പ്രൊഡക്ടാണ് ഇൻസ്റ്റൻ്റ് കോഫി എന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. ഒരർത്ഥത്തിൽ കുടിക്കുന്ന കാപ്പി തന്നെ ഖരരൂപത്തിൽ ആക്കിയതാണ് ഇത്

എങ്ങനെ നിർമ്മിക്കുന്നു?

കാപ്പിക്കുരു വറുത്ത് പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ച് നമ്മൾ കാപ്പി കുടിക്കുമ്പോൾ അതിലെ പകുതി പണി കാപ്പിപ്പൊടി നിർമ്മിക്കുന്ന കമ്പനി ചെയ്യുകയാണ് ഇൻസ്റ്റൻ്റ് കോഫിയിൽ. ഫാക്ടറികളിലെ പ്രത്യേക സംവിധാനങ്ങളിൽ അല്പം വെള്ളം മാത്രം ചേർത്ത് കാപ്പി തിളപ്പിച്ച് ഗാഢതയേറിയ ഡിക്കോഷൻ ഉണ്ടാക്കുന്നു. തുടർന്ന് ചൂടുവായുവിലേക്ക് അത് സ്പ്രേ ചെയ്ത് ജലാംശം മാറ്റിയ പൊടിയാക്കിയോ തണുപ്പിച്ച് ചെറിയ തരികളാക്കിയോ പാക്ക് ചെയ്ത് വിപണിയിലേക്കെത്തിക്കുന്നു. സാധാരണ വീട്ടിലുണ്ടാക്കുന്ന കാപ്പിയെ അപേക്ഷിച്ച് ഇതിൽ കഫീന്റെ അംശം പകുതിയോളം കുറവായിരിക്കുമെങ്കിലും കാപ്പിക്കുരു വറുക്കുമ്പോൾ ഉണ്ടാകുന്ന അക്രിലാമെഡ് എന്ന ശരീരത്തിന് ഹാനികരമായ കെമിക്കൽ കൂടുതലായിരിക്കും. കാപ്പിയുടെ ഗുണങ്ങളിലൊന്നായ ആൻ്റി ഓക്സൈഡുകൾ രണ്ടു രൂപത്തിലും ഏതാണ്ട് തുല്യ അളവിൽ ലഭിക്കും.എന്തും ചെയ്യാം

ഒരർത്ഥത്തിൽ കാപ്പി ഉണ്ടാക്കിയശേഷമാണ് വില്പനക്കെത്തുന്നതെന്നതിനാൽ നിർമ്മാതാക്കൾക്ക് വലിയ പ്രയാസം കൂടാതെ എന്തും ചെയ്യാമെന്ന അവസ്ഥ ഇൻസ്റ്റൻ്റ് കോഫിയിലുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റൻ്റ് കാപ്പിയുണ്ടാക്കുന്ന കാപ്പിപ്പൊടിയുടെ ഗുണനിലവാരത്തിൽ നിർമ്മാതാവിന് എന്തു കൃത്രിമവും കാണിക്കാം. മായമായി യഥേഷ്ടം അന്യവസ്തുക്കളും നിറവും രുചിയും കൂട്ടാനുള്ള രാസവസ്തുക്കളും ഒക്കെ ചേർക്കാം. അങ്ങിനെയുള്ള കാപ്പിപ്പൊടി തിളപ്പിച്ച് എടുക്കുന്ന ഡിക്കോഷനാണ് ഖരരൂപത്തിൽ വിപണിയിലെത്തുന്നത് എന്നതിനാൽ രുചിയോ രൂപമോ ഒന്നും വ്യത്യാസമുണ്ടാകില്ല. കാപ്പിപ്പൊടിയിൽ നിർമ്മാതാവ് കലർത്തുന്ന കൃത്രിമത്തെ ഉപഭോക്താവിന് അറിയാനും മാർഗ്ഗമൊന്നുമില്ല.

ഇരട്ടിക്കുന്ന ദോഷങ്ങൾ

സാധാരണ കാപ്പിയിലെ മായം ഉണ്ടാക്കുന്ന ദോഷങ്ങൾ ഇരട്ടിക്കുകയാണ് ഇൻസ്റ്റൻ്റ് കാപ്പിയിൽ. പൊതുവേ തിരിച്ചറിയാനാകില്ല എന്നതിനാൽ മായം അങ്ങേയറ്റം ഉണ്ടാകാം. കൂടാതെ കാപ്പിപ്പൊടി കാപ്പിയായി രൂപാന്തരം പ്രാപിച്ചതിനാൽ ഗാഢമായ അളവിലായിരിക്കും ഹാനികരമായ അംശങ്ങളും കാണപ്പെടുക. ഇതെല്ലാം മായം കൊണ്ടുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു പുറമെ നല്ല കാപ്പി ഉണ്ടാക്കുന്ന ഗുണങ്ങൾ നഷ്ടപ്പെടുത്തുകയും ദോഷങ്ങൾ ഇരട്ടിയാക്കുകയും ചെയ്യും.

അത്യാധുനിക മാർഗ്ഗങ്ങൾ വേണം

കാപ്പിപ്പൊടിയിലെ മാലിന്യങ്ങൾ കുറെയൊക്കെ വീട്ടിലും രാസമാലിന്യങ്ങളും മറ്റും വിശദമായി സാധാരണ രാസ പരിശോധനകളിലും കണ്ടെത്താമെങ്കിൽ ഇൻസ്റ്റൻ്റ് കോഫിയിലെ മാലിന്യങ്ങൾ കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചുള്ള വലിയ ലബോറട്ടറി പരിശോധനകൾ വേണം. കാപ്പിക്കുരു ഒരിക്കൽ സംസ്കരിച്ച് കാപ്പിപ്പൊടിയായി അത് വീണ്ടും സംസ്കരിച്ച് ഖര ഡിക്കോഷൻ ആയതാണ് ഇൻസ്റ്റൻ്റ് കോഫി എന്നതിനാൽ ഒരു മായവും സ്വാഭാവികമായി വേറിട്ട് കിടക്കില്ല. ഡിക്കോഷൻ ലായനിയിൽ കൂടിക്കലർന്ന മായത്തെ സൂക്ഷ്മമായി കണ്ടെത്തി വേർതിരിച്ചറിയണം. ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പിയും കീമോമെട്രിക്സും പോലുള്ള പരിശോധനകളാണ് ഇന്ന് ഇതിനായി നടത്തുന്നത്.