Asianet News MalayalamAsianet News Malayalam

സുഗന്ധവ്യഞ്ജനങ്ങളുടെ ലോകം

കുരുമുളകിൽ പപ്പായക്കുരു, കുങ്കുമപ്പൂവിൽ മാതളപ്പൂവോ ചുവന്ന നൂലോ ചോളനാരോ പോലുള്ളവ, കറുകപ്പട്ടയിൽ കാസിയ, കടുകിൽ പൊന്നുമ്മം വിത്ത്, കായത്തിൽ സോപ്പുകല്ല്, ജീരകത്തിൽ പുൽവിത്ത് തുടങ്ങിയവയാണ് സാധാരണ മായങ്ങൾ. മായമായി ചേർക്കുന്ന അന്യപദാർത്ഥങ്ങൾ എളുപ്പം തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങളും രുചിക്കായി എസ്സെൻസുകളും മണത്തിനായി രാസപദാർത്ഥങ്ങളും ചേർക്കുന്നു.  

Know how the spices are adulterated
Author
Kochi, First Published Oct 2, 2019, 10:45 PM IST

വിപുലമായ ലോകമാണ് സുഗന്ധവ്യഞ്ജനങ്ങളുടേത്. ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് മുതൽ കേരളത്തിൻ്റെ അഭിമാനമായ കുരുമുളകടക്കം നിരവധി സുഗന്ധവ്യഞ്ജനങ്ങൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇവയിൽ ഏതാണ്ടെല്ലാം തന്നെ ഇന്ത്യയിൽ ഉല്പാദിപ്പിക്കപ്പെടുന്നവയുമാണ്. കറുകപ്പട്ട, ഏലക്ക, ഗ്രാമ്പൂ, തക്കോലം, കായം, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിൽ പലതും മലയാളിയുടെ അടുക്കളയിലെ നിത്യസാന്നിദ്ധ്യമാണ്. ഒറ്റയ്ക്കോ കൂട്ടായോ ഉള്ള പൊടികളായിട്ടാണ്‌ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപകമായ ഉപയോഗം എങ്കിലും നേരിട്ടുള്ള ഉപയോഗവും ഒട്ടും കുറവല്ല. പൊടികളുടെ അത്രയ്ക്ക് മായം നേരിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഇല്ലെങ്കിലും കണ്ണടച്ചു വാങ്ങാവുന്നവയല്ല ഇവയും എന്ന് ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. 

ഔഷധക്കലവറ

സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞ അടുക്കള ഒരു ഔഷധക്കലവറ കൂടിയാണ്. ഭക്ഷണത്തിന് രുചിയും നിറവും മണവും നൽകുക മാത്രമല്ല, പല ഭക്ഷ്യപദാർത്ഥങ്ങളിലേയും ശരീരത്തിന് ദോഷകരമായേക്കാവുന്ന ഘടകങ്ങളെ നിർവ്വീര്യമാക്കുകയും രോഗപ്രതിരോധശേഷിയും ആരോഗ്യവും നൽകുകയും കൂടി ചെയ്യുന്നുണ്ട് ഓരോ സുഗന്ധവ്യഞ്ജനവും. ഉദാഹരണത്തിന് ക്യാൻസർ പ്രതിരോധശേഷിയടക്കം തെളിയിക്കപ്പെട്ടിട്ടുള്ളതാണ് കുങ്കുമപ്പൂവ്. പണ്ടുകാലം മുതൽക്കേ വലുതും ചെറുതുമായ നൂറുകണക്കിന് രോഗങ്ങൾക്ക് മരുന്നായി കുങ്കുമപ്പൂവ് ലോകം മുഴുവൻ ഉപയോഗിച്ചുവരുന്നു.

Know how the spices are adulterated

എല്ലാ സുഗന്ധവ്യഞ്ജനങ്ങളും ഇതുപോലെത്തന്നെയാണ്. ആൻ്റി ഓക്സൈഡുകളാലും പോഷകങ്ങളാലും സമ്പന്നമായ ഒന്നാണ് കുരുമുളക്. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതും ശ്വാസകോശരോഗങ്ങളെ ശമിപ്പിക്കുന്നതുമാണ് ഏലക്ക. ഗ്രാമ്പൂ അസ്ഥികളെ ബലപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു. യൗവനത്തെ പുഷ്ടിപ്പെടുത്തുന്ന കറുകപ്പട്ട നിരവധി ആൻ്റി ബാക്ടീരിയൽ ഘടകങ്ങൾ ചേർന്നതാണ്. ഗ്യാസ്ട്രബിൾ തൊട്ട് അസ്ത്മയടക്കം നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് പെരുംജീരകം. ഏതാനും പ്രധാന സുഗന്ധവ്യഞ്ജനങ്ങളുടെ ചില ഗുണങ്ങൾ മാത്രമാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. ഇനിയും അനേകം പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഓരോ സുഗന്ധവ്യഞ്ജനവും.

ഗുണമില്ലാത്ത പകരക്കാർ

ഗുണനിലവാരം കുറഞ്ഞവ കൂടിയവയുടെ കൂട്ടത്തിൽ കലർത്തി വില്പനക്കെത്തിക്കുന്നത് വ്യാപകമാണ്. അതിനുപുറമെ രൂപസാമ്യം തോന്നുന്ന അന്യപദാർത്ഥങ്ങളും സുഗന്ധവ്യഞ്ജനങ്ങളിൽ ചേർത്തുകാണുന്നുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ പറയുന്നു. കുരുമുളകിൽ പപ്പായക്കുരു, കുങ്കുമപ്പൂവിൽ മാതളപ്പൂവോ ചുവന്ന നൂലോ ചോളനാരോ പോലുള്ളവ, കറുകപ്പട്ടയിൽ കാസിയ, കടുകിൽ പൊന്നുമ്മം വിത്ത്, കായത്തിൽ സോപ്പുകല്ല്, ജീരകത്തിൽ പുൽവിത്ത് തുടങ്ങിയവയാണ് ഇങ്ങനെ സാധാരണയായി ചേർത്തു കാണുന്ന മായങ്ങൾ. രൂപം മാറാത്ത രീതിയിൽ സത്ത് ഊറ്റിയെടുത്തവയും നല്ല സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തിൽ കലർത്തി വില്പനക്കെത്തിക്കുന്നുണ്ട്. മായമായി ചേർക്കുന്ന അന്യപദാർത്ഥങ്ങൾ എളുപ്പം തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങളും രുചിക്കായി എസ്സെൻസുകളും മണത്തിനായി രാസപദാർത്ഥങ്ങളും ചേർക്കുന്നു.  

ആരോഗ്യം നശിപ്പിക്കും

ആരോഗ്യം വർദ്ധിപ്പിക്കാനുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ മായം ചേരുമ്പോൾ അവ ആരോഗ്യം നശിപ്പിക്കുന്നവയായി മാറും. ദഹനപ്രശ്നങ്ങൾ മുതൽ വിഷബാധ വരെ ഉണ്ടാക്കുന്നവയാണ് സുഗന്ധവ്യഞ്ജനങ്ങളിൽ മായമായി ചേർക്കുന്ന പലതും. പൊന്നുമ്മവും കാസിയയുമൊക്കെ ശരീരത്തിൽ പല രോഗങ്ങൾക്കും കാരണമാകുന്നു. ഇങ്ങനെ ചേർക്കുന്ന മായത്തേക്കാൾ അപകടകാരികളാണ് ഈ മായം തിരിച്ചറിയാതിരിക്കാൻ ചേർക്കുന്ന നിറങ്ങളും എസ്സെൻസുകളും മറ്റു രാസവസ്തുക്കളും.

Know how the spices are adulterated

മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷങ്ങളാണ് ഇവയൊക്കെ. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനം അപകടത്തിലാക്കുകയും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്കു വരെ കാരണമാകുകയും ചെയ്യുന്നവയാണിവയിൽ പലതും.

കണ്ടെത്താൻ എളുപ്പം

താരതമ്യേന എളുപ്പമാണ് സുഗന്ധവ്യഞ്ജനങ്ങളിലെ മായം കണ്ടെത്താൻ. ചേർക്കുന്നത് രൂപസാമ്യമുള്ള അന്യവസ്തുക്കളായതിനാൽ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ തിരിച്ചറിയാനാകും. കായം വെള്ളത്തിലിട്ടാൽ സോപ്പ്കല്ലും മറ്റും പെട്ടെന്ന് പാത്രത്തിനടിയിൽ അടിയും. ശുദ്ധമായ കായം കത്തിച്ചുനോക്കിയാൽ നല്ല കർപ്പൂരം പോലെ കത്തും. മായം ചേർത്ത കായം അങ്ങിനെ കത്തില്ല. നല്ല കുങ്കുമപ്പൂ എളുപ്പം പൊട്ടില്ല, ചോളനാരും മറ്റും വേഗം പൊട്ടും. വെള്ളത്തിലിട്ടാൽ മായം ചേർത്ത കുങ്കുമപ്പൂവിൻ്റെ ചായം പെട്ടെന്ന് അലിഞ്ഞുമാറും, നല്ല കുങ്കുമമാണെങ്കിൽ കുങ്കുമം അതിൽ കിടന്ന് സാവകാശം മാത്രമേ നിറം കലരുകയുള്ളൂ. കടുക് നല്ല മിനുസമുള്ളതായിരിക്കും, പൊട്ടിച്ചാൽ അകത്തെ പരിപ്പുകൾ മഞ്ഞ നിറത്തിലായിരിക്കും. എന്നാൽ കടുകിൽ ചേർക്കുന്ന മായമായ പൊന്നുമ്മത്തിന് പരുപരുത്ത പ്രതലമായിരിക്കും, അകം വെള്ള നിറത്തിലും. കറുകപ്പട്ട കനം കുറഞ്ഞതും എളുപ്പം ചുരുട്ടാവുന്നതുമാണെങ്കിൽ കാസിയ കട്ടി കൂടിയതാണ്. ജീരകം കയ്യിലിട്ടു തിരുമ്മുമ്പോൾ കയ്യിൽ നിറം പറ്റുന്നുണ്ടെങ്കിൽ മായമുണ്ടെന്നനുമാനിക്കാം. കുരുമുളകിലെ പപ്പായക്കുരുക്കൾ ശ്രദ്ധിച്ചാൽ എളുപ്പം കണ്ടെത്താം. എന്നാൽ ഗുണനിലവാരം കുറഞ്ഞവയോ സത്ത് ഊറ്റിയെടുത്തവയോ ആയ വസ്തുക്കളാണ് നല്ലതിനൊപ്പം ചേർത്തിരിക്കുന്നതെങ്കിൽ അത് തിരിച്ചറിയാൻ വിദഗ്ധർക്കു മാത്രമേ പറ്റൂ. കൂടാതെ മായം തിരിച്ചറിയാൻ ചേർക്കുന്ന രാസവസ്തുക്കൾ എത്ര അപകടകരമായവയാണെന്നറിയാനും ലബോറട്ടറികളിലെ വിശദമായ പരിശോധനകൾ നടത്തണം.
 

Follow Us:
Download App:
  • android
  • ios