ഏറെ പോഷകസമൃദ്ധമായ ഭക്ഷ്യവസ്‌തുക്കള്‍ ലോകത്തിന് സമ്മാനിച്ചിട്ടുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. 


ഏറെ പോഷകസമൃദ്ധമായ ഭക്ഷ്യവസ്‌തുക്കള്‍ ലോകത്തിന് സമ്മാനിച്ചിട്ടുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന അവാക്കാഡോ, വാല്‍നട്ട്, കിവി ഫ്രൂട്ട്സ്, ബെറിപ്പഴം എന്നിവയോടാണ് മലയാളികള്‍ക്ക് പ്രിയം. അങ്ങേയറ്റത്തെ വില നല്‍കി നമ്മളത് വാങ്ങിക്കഴിക്കുകയും ചെയ്യും. എന്നാല്‍ വളരെ ചെലവ് കുറഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ഫുഡ്സ് ഉണ്ട്. നമ്മുടെ നാട്ടില്‍ എപ്പോഴും സുലഭമായി ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷ്യവസ്‌തുക്കള്‍. ഇവിടെയിതാ, അത്തരത്തില്‍ വെറും 50 രൂപയില്‍ താഴെ മാത്രം വിലയുള്ള അഞ്ച് ഇന്ത്യന്‍ സൂപ്പര്‍ ഫുഡ്സ് ഏതൊക്കെയാണെന്ന് നോക്കാം...

1. നെല്ലിക്ക- വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ദിവസവും കഴിച്ചാല്‍ പ്രതിരോധശേഷി നന്നായി വര്‍ദ്ധിക്കും. ധാരാളം ഇരുമ്പും അടങ്ങിയിട്ടുള്ള നെല്ലിക്ക കഴിച്ചാല്‍, അര്‍ത്രൈറ്റിസ് പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാനാകും.

2. മഞ്ഞള്‍- ഏറ്റവും മികച്ച ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള മഞ്ഞളിന് ക്യാന്‍സര്‍, കരള്‍രോഗം എന്നിവ ചെറുക്കാന്‍ അത്ഭുതകരമായ ശേഷിയുണ്ടെന്ന് പല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പ്രായമേറുന്നത് തടയാനും മഞ്ഞളിന് കഴിയും.

3. പുളി- ധാരാളം ഡയറ്ററി ഫൈബര്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ടാര്‍ട്ടാറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള പുളി നല്ല ഒന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന വിഷഘടകങ്ങളില്‍നിന്ന് സംരക്ഷിക്കുകയും, രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് നിയന്ത്രിക്കാനും പുളിയ്‌ക്ക് സാധിക്കും.

4. ബ്രഹ്മി- നല്ല ആന്‍റി ഓക്‌സിഡന്‍റ് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ബ്രഹ്മി പാരമ്പര്യമായി നമ്മുടെ വൈദ്യന്‍മാര്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഔഷധമായും ഉപയോഗിക്കുന്നുണ്ട്. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ കുറയ്‌ക്കാനും ഇത് സഹായിക്കും. കുടലില്‍ വിരശല്യം ഭേദമാക്കാനും ബ്രഹ്മി സഹായിക്കും.

5. ത്രിഫല- ആയുര്‍വേദത്തിലെ ഏറ്റവും മികച്ച ഔഷധക്കൂട്ടുകളില്‍ ഒന്നാണ് ത്രിഫലം. വയറിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഭേദമാക്കാനും, ശരീരത്തിലെ വിഷഘടകങ്ങള്‍ ഒഴിവാക്കാനും ഏറ്റവും ഉത്തമമായ ഔഷധമാണ് ത്രിഫല. ചര്‍മ്മ സംരക്ഷണത്തിനും ഇത് ഉത്തമമാണ്.