ക്രിസ്മസ് അടുത്തെത്തുമ്പോള്‍ ആഘോഷരാവുകളെ ഒന്ന് ഹരം പിടിപ്പിക്കുവാന്‍ അല്‍പം വൈന്‍ ഒക്കെയാകാം. എന്നാല്‍ ഇതിന് വേണ്ടി വൈന്‍ വീട്ടില്‍ തയ്യാറാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വേണ്ടെന്ന് വയ്ക്കുന്നതാണ് ബുദ്ധി. 

വീട്ടില്‍ വൈന്‍ ഉണ്ടാക്കുന്നത് നിയമപരമായി കുറ്റമാണെന്നും കണ്ടെത്തിയാല്‍ നടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചുകൊണ്ട് എക്‌സൈസ് വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. അബ്കാരി നിയമപ്രകാരം ഇത്തരത്തില്‍ വീടുകളില്‍ വൈനുണ്ടാക്കുന്നതും, അത് കൈമാറുന്നതുമെല്ലാം ജാമ്യമില്ലാ കുറ്റമാണെന്നാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നത്. 

സാധാരണഗതിയില്‍ വീട്ടില്‍ ലഭ്യമാകുന്ന എന്തെങ്കിലും പഴങ്ങള്‍ കൊണ്ടോ മറ്റോ വൈനുണ്ടാക്കുന്ന വീട്ടമ്മമാര്‍ ധാരാളമാണ്. വീട്ടമ്മമാര്‍ മാത്രമല്ല, പാചകത്തിനോട് അഭിരുചിയുള്ള മിക്കവരും തന്നെ ഒരിക്കലെങ്കിലും വൈനുണ്ടാക്കാനുള്ള ശ്രമം നടത്തിനോക്കിയവരായിരിക്കും. ആഘോഷാവസരങ്ങളിലാണെങ്കില്‍ ഉണ്ടാക്കുന്ന വൈന്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒക്കെ എത്തിച്ചുകൊടുക്കുന്നതും നാട്ടില്‍ പതിവാണ്.

മദ്യത്തിന്റെ പട്ടികയിലോ, ലഹരിയുടെ പട്ടികയിലോ ഒന്നും ഈ 'ഹോം മെയ്ഡ് വൈനുകള്‍' ഇടം പിടിക്കാറില്ല. സൗഹൃദത്തിന്റേയും ബന്ധങ്ങളുടെയുമെല്ലാം കൂടിച്ചേരലിന്‍ അല്‍പം മധുരം എന്ന മട്ടില്‍ മാത്രമാണ് വൈന്‍ പൊതുവേ പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഇത് മനസില്‍ വച്ച് ഇനി, സോഷ്യല്‍ മീഡിയകളിലും മറ്റും വൈന്‍ നുകരാന്‍ ആരെയും വിരുന്ന് വിളിക്കേണ്ട. കാരണം, വൈനുണ്ടാക്കുന്നതും അത് കൈമാറ്റം ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആശയവിനിമയം നടത്തുന്നതുമെല്ലാം എക്‌സൈസ് വകുപ്പ് നിരീക്ഷിച്ചുവരികയാണ്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം വേളിയില്‍ ഇതനുസരിച്ച് ഒരു യുവാവ് അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പിലാണ് കേസ് എന്നത് കൊണ്ട് നിലവില്‍ റിമാന്‍ഡിലാണ് യുവാവ്. അപ്പോള്‍ എങ്ങനെ? ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ക്ക് വൈന്‍ വാങ്ങിക്കുകയല്ലേ?