ദിവസം തുടങ്ങുമ്പോള്‍ കഴിക്കാവുന്നൊരു 'ഹെല്‍ത്തി ഡ്രിങ്ക്' ആണ് മസബ പങ്കുവച്ചിരുന്നത്. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും കൂട്ടത്തില്‍ ചേര്‍ത്തിരുന്നു

ബോളിവുഡിലെ പ്രമുഖ ഫാഷന്‍ ഡിസൈനറാണ് ( Fashion Designer )മസബ ഗുപ്ത. ഫാഷനോട് മാത്രമല്ല ഫിറ്റ്‌നസിനോടും ( Fitness ) ഒരുപോലെ താല്‍പര്യമുള്ളയാളാണ് മസബ. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) ഫിറ്റ്‌നസുമായും ഡയറ്റുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കാനും മസബ എപ്പോഴും ശ്രമിക്കാറുണ്ട്. 

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍, ഇവ എത്തരത്തിലാണ് പാലിക്കേണ്ടത്, മറ്റ് ഡയറ്റ് ടിപ്‌സ് എന്നിങ്ങനെ പല വിഷയങ്ങളും മസബ ഇടയ്ക്കിടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ചിത്രത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ദിവസം തുടങ്ങുമ്പോള്‍ കഴിക്കാവുന്നൊരു 'ഹെല്‍ത്തി ഡ്രിങ്ക്' ആണ് മസബ പങ്കുവച്ചിരുന്നത്. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും കൂട്ടത്തില്‍ ചേര്‍ത്തിരുന്നു. ഇളംചൂട് വെള്ളത്തില്‍ ചെറുനാരങ്ങാനീരും ബേസില്‍ സീഡും (സബ്ജ) ചേര്‍ത്താണ് ഈ 'ഡ്രിങ്ക്' തയ്യാറാക്കുന്നത്. 

നമുക്കറിയാം രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കഴിക്കുന്നത് ഉദരാരോഗ്യത്തിനും ഉന്മേഷത്തിനുമെല്ലാം ഗുണം ചെയ്യുന്നതാണ്. ചിലര്‍ ഇതിനൊപ്പം അല്‍പം നാരങ്ങാനീര് കൂടി ചേര്‍ക്കും. ഇതും വളരെ നല്ലതാണ്. ഇവയ്‌ക്കൊപ്പം ബേസില്‍ സീഡ്‌സ് കൂടി ചേര്‍ത്തിരിക്കുകയാണ് മസബ. ബേസില്‍ സീഡ്‌സിന് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. അതിനാല്‍ തന്നെ മസബയുടെ ഈ 'ഡ്രിങ്ക്' അക്ഷരാര്‍ത്ഥത്തില്‍ 'ഹെല്‍ത്തി' ആണെന്ന് നമുക്ക് പറയാം. 

വീട്ടില്‍ വളരെ എളുപ്പത്തില്‍ ആര്‍ക്കും തയ്യാറാക്കാവുന്നൊരു പാനീയം കൂടിയാണിത്. അതിനാല്‍ തന്നെ ഇത് പതിവുകളുടെ ഭാഗമാക്കാനും എളുപ്പമാണ്. നേരത്തെ ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന 'ഡീടോക്‌സ് ബൗള്‍' എന്ന പേരില്‍ ചില ഭക്ഷണങ്ങളെ മസബ പരിചയപ്പെടുത്തിയിരുന്നു. ലെറ്റൂസ്, മാതളം, വിവിധ തരത്തിലുള്ള സീഡുകള്‍, ധാന്യങ്ങള്‍- ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ മിശ്രിതം തുടങ്ങിയവ അടങ്ങിയതായിരുന്നു ഈ 'ഡീടോക്‌സ് ബൗള്‍'.

ഒരു നേരത്തെ ഭക്ഷണത്തിന് ശേഷം അടുത്ത നേരത്തെ ഭക്ഷണത്തിലേക്ക് ദീര്‍ഘമായ മണിക്കൂറുകളുടെ ഇടവേളയെടുക്കുന്ന 'ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ഡയറ്റ്' ആണ് മസബ പിന്തുടരുന്നത്. ഇത്രയും സമയത്തെ ഇടവേളയില്‍ ഗ്രീക്ക് യോഗര്‍ട്ട്, മാതളം, ബ്ലൂബെറീസ്, ഗ്രനോള തുടങ്ങിയവയാണ് 'സ്‌നാക്‌സ്' ആയി കഴിക്കുകയെന്നും മസബ നേരത്തെ പങ്കുവച്ചിരുന്നു.

Also Read:- പ്രിയങ്ക ചോപ്രയുടെ ഇഷ്ടഭക്ഷണം എന്തായിരിക്കും? തുറന്ന് പറഞ്ഞ് താരം