സാധാരണഗതിയില്‍ തീയ്യലോ, തോരനോ, മെഴുക്കുപുരട്ടിയോ, കൊണ്ടാട്ടമോ ഒക്കെ ആക്കിയാണ് നമ്മള്‍ പാവയ്ക്ക കഴിക്കാറ്. എങ്ങനെ വച്ചാലും മിക്കവാറും കുട്ടികള്‍ക്കും പാവയ്ക്ക ഇഷ്ടമല്ല. മറ്റൊന്നുമല്ല, ഇതിന്റെ കയ്പ് തന്നെയാണ് കുട്ടികളെ ഇതില്‍ നിന്നകറ്റുന്നത്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരിലും പലരും പാവയ്ക്കയോട് വലിയ പഥ്യമില്ലാത്തവരാണ്. 

എന്നാല്‍ രുചിയുടെ പേരില്‍ ഇത് മാറ്റിവയ്ക്കുന്നവര്‍ ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയുന്നില്ല എന്നതാണ് സത്യം. വിറ്റാമിന്‍-എ, സി, ഇ, കെ, തയാമിന്‍, ബീറ്റ കെരോട്ടിന്‍, നിയാസിന്‍, റൈബോഫ്‌ളേവിന്‍, കാത്സ്യം, പൊട്ടാസ്യം, അയേണ്‍- എന്നിങ്ങനെ നമുക്കാവശ്യമായ നിരവധി ഘടകങ്ങളടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക. പ്രമേഹം ചെറുക്കാനും രക്തസമ്മര്‍ദ്ദം വരുതിയിലാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ഡോക്ടര്‍മാര്‍ പോലും നിര്‍ദേശിക്കുന്ന ഒന്ന്. 

കുടലുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ദഹനാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ ചെറുക്കാനുമെല്ലാം ഉത്തമം. ഇങ്ങനെ അനവധി ഗുണങ്ങളാണ് പാവയ്ക്കക്ക് ഉള്ളത്. എങ്കിലും ഒടുക്കം രുചിയുടെ പേരില്‍ നമ്മളതിനെ അങ്ങ് തഴഞ്ഞുകളയും. അപ്പോള്‍ രുചിയുടെ കാര്യത്തിലാണ് നമ്മള്‍ പാവയ്ക്കയെ ഒന്ന് കുട്ടപ്പനാക്കിയെടുക്കേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ, രുചികരമായി പാവയ്ക്ക കൊണ്ട് ഒരു ഡിഷ് ഉണ്ടാക്കിയാലോ? അങ്ങനെയാകുമ്പോള്‍ കഴിക്കാനും ഇഷ്ടം അതിന്റെ ഗുണങ്ങളും കിട്ടും. 

അതിനാല്‍, കുട്ടികള്‍ക്ക് പോലും ഇഷ്ടമാകാന്‍ സാധ്യതയുള്ള, പാവയ്ക്ക കൊണ്ടുള്ള ഒരു സ്‌നാക്‌സിനെ പറ്റിയാണ് ഇനി പറയുന്നത്. പാവയ്ക്കയും ചീസും ആണ് ഇതിന്റെ രണ്ട് പ്രധാന ചേരുവകള്‍. ഇനിയിത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

മൂന്നോ നാലോ മീഡിയം വലുപ്പത്തിലുളള പാവയ്ക്ക ഇതിനായി എടുക്കാം. ഓരോന്നും നെടുകെ നീളത്തില്‍ കീറി, അകത്തെ കുരുവും മറ്റും മാറ്റി വൃത്തിയാക്കിയെടുക്കുക. ഉപ്പ് വിതറി, ഇതിലെ ജലാംശം മുഴുവനായി വറ്റിക്കാന്‍ വേണ്ടി അല്‍പനേരം വയ്ക്കാം. ഇതിന് ശേഷം മൂന്നോ നാലോ മണിക്കൂര്‍ നേരത്തേക്കോ, രാത്രി മുഴുവനോ ഇത് എന്തെങ്കിലും കനം വച്ച് അമര്‍ത്തി- മുഴുവനായി ജലാംശം മാറ്റി ഉണക്കിയെടുക്കാം. 

ഇനി, ഇതിനകത്ത് നിറയ്ക്കാനുള്ള ഫില്ലിംഗ് ഉണ്ടാക്കാം. ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ കുക്കിംഗ് ഓയില്‍ (നിങ്ങളുപയോഗിക്കുന്നത് ഏതായാലും അത്) ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, മഞ്ഞ കാപ്‌സിക്കം ഒരെണ്ണത്തിന്റെ പകുതി പൊടിയായി അരിഞ്ഞത്, ഒരു ചെറിയ ബ്രക്കോളി ഹെഡ് ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റിയെടുക്കുക.

ഇനി ഇതിലേക്ക്, ഒരു പകുതി തക്കാളി നേര്‍പിച്ച് അരിഞ്ഞതും, അല്‍പം മല്ലിയിലയും, പട്ട-കരയാമ്പൂ-ഏലയ്ക്ക എന്നിവ പൊടിച്ചത് ഓരോ നുള്ള് വീതവും, ചുവന്ന മുളക് പൊടിച്ചത് ഒരുനുള്ളും, അല്‍പം വിനാഗിരിയും ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിച്ച് വഴറ്റിയ ശേഷം അടുപ്പ് ഓഫ് ചെയ്യാം. ഇപ്പോള്‍ നമ്മുടെ ഫില്ലിംഗ് റെഡിയായിക്കഴിഞ്ഞു. 

അടുത്ത ഘട്ടത്തില്‍ അല്‍പം കടലമാവും കോണ്‍ഫ്‌ളോറും, ജീരകപ്പൊടിയും, ഗാര്‍ലിക് പൗഡറും (കടയില്‍ നിന്ന് വാങ്ങിക്കുന്നത്), ഒണിയന്‍ പൗഡറും (കടയില്‍ നിന്ന് വാങ്ങിക്കുന്നത്) ഒന്നിച്ച് ചേര്‍ത്തിളക്കുക. (ജീരകപ്പൊടി, ഗാര്‍ലിക് പൗഡര്‍, ഒണിയന്‍ പൗഡര്‍ എന്നിവയെല്ലാം ഓരോരത്തരുടേയും താല്‍പര്യമനുസരിച്ച് ഉപയോഗിക്കാം). ഇനി, നേരത്തേ എടുത്തുവച്ച പാവയ്ക്കയിലേക്ക് തയ്യാറാക്കിയ ഫില്ലിംഗ് നിറയ്ക്കാം. ഇതിന് മുകളില്‍ അല്‍പം ചീസ് ഗ്രേറ്റ് ചെയ്തിടാം. 

ഫില്ലിംഗ് വച്ച ശേഷം പാവയ്ക്ക നന്നായി ചേര്‍ത്തടച്ച് പൊടികള്‍ ചേര്‍ത്തിളക്കിവച്ചതില്‍ റോള്‍ ചെയ്‌തെടുക്കാം. തുടര്‍ന്ന് പാനില്‍ കുക്കിംഗ് ഓയില്‍ ചൂടിക്കായ ശേഷം അതിലിട്ട് വറുത്തെടുക്കാം. ചെറുചൂടില്‍ തന്നെ വട്ടത്തില്‍ മുറിച്ച് മുറിച്ചുവച്ച് ചായയ്‌ക്കൊപ്പം കഴിക്കാന്‍ നമ്മുടെ സ്‌പെഷ്യല്‍ സ്‌നാക്‌സ് റെഡി.