നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തെയും സ്വാധീനിക്കാന്‍ ഭക്ഷണത്തിനാകും. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന വിഷയമാണ് ലൈംഗികതയും ഭക്ഷണവും തമ്മിലുള്ള ബന്ധവും. ചിലയിനം ഭക്ഷണസാധനങ്ങള്‍ പെട്ടെന്ന് ശരീരത്തിന് തളര്‍ച്ചയുണ്ടാക്കുകയും പെട്ടെന്ന് ഉറക്കത്തിലേക്ക് തള്ളിവിടുകയും ചെയ്യും. 

എന്നാല്‍ മറ്റുചില ഭക്ഷണങ്ങള്‍ ശരീരത്തിന് ഉണര്‍വ് നല്‍കുകയും അതുവഴി ലൈംഗികശേഷിയെ ഉത്തേജിപ്പിക്കുകയും ചെയ്യും. രക്തപ്രവാഹം കൂട്ടാനും, ഹോര്‍മോണ്‍ വ്യതിയാനങ്ങളെ നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്നതിലൂടെയാണ് ഇത്തരം ഭക്ഷണങ്ങള്‍ ലൈംഗികതയെയും പരിപോഷിപ്പിക്കുന്നത്. 

അത്തരത്തിലുള്ള ഏഴിനം ഭക്ഷണങ്ങളെക്കുറിച്ച് പറയാം ഇനി. അവയേതെല്ലാമെന്നും അറിയാം...

ഒന്ന്...

സാല്‍മണ്‍ ഫിഷ് ആണ്, ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്ന്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെയും രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിലൂടെയുമാണ് പ്രധാനമായും ഇത് ലൈംഗികതയെ ഉണര്‍ത്തുന്നത്.

മാത്രമല്ല സ്റ്റാമിന വര്‍ധിപ്പിക്കാനും സാല്‍മണ്‍ ഫിഷ് വളരെയധികം സഹായകമാണ്. 

രണ്ട്...

അത്തിപ്പഴമാണ് ഈ പട്ടികയിലെ മറ്റൊരു താരം. പ്രകൃത്യാ ഒരു ഉത്തേജകമായാണ് അത്തിപ്പഴത്തിനെ കണക്കാക്കുന്നത് തന്നെ. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, പോളിഫിനോള്‍സ്, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയാണത്രേ സ്റ്റാമിന വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്.

മൂന്ന്...

മിക്ക വീടുകളിലും എപ്പോഴും വാങ്ങി സൂക്ഷിക്കുന്ന ഒന്നാണ് തേന്‍. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായാണ് തേനിനെ പരമ്പരാഗതമായിത്തന്നെ നമ്മള്‍ കാണുന്നത്. ലൈംഗികതയെ ഉണര്‍ത്തുന്നതിലും തേനിന് നല്ല പങ്കാണുള്ളത്. ലൈംഗിക ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍, അതുപോലെ ഈസ്ട്രജന്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കാന്‍ തേനിന് കഴിവുണ്ട്. പുരുഷനും സ്ത്രീക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ഒന്ന് എന്ന പ്രത്യേകതയും തേനിനുണ്ട്. 

നാല്...

വെളുത്തുള്ളിയാണ് ലൈംഗികതയെ പരിപോഷിപ്പിക്കുന്ന മറ്റൊരു ഭക്ഷണസാധനം. ഇതിലടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന പദാര്‍ത്ഥം രക്തപ്രവാഹം കൂട്ടാന്‍ സഹായിക്കുമത്രേ. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ആവശ്യമായ അത്രയും രക്തമെത്തിക്കാന്‍ ഇത് സഹായിക്കുന്നു. ഇതുവഴിയാണ് ലൈംഗികശേഷിയേയും വെളുത്തുള്ളി സ്വാധീനിക്കുന്നത്.

അഞ്ച്...

ചോക്ലേറ്റാണ് ഈ പട്ടികയിലെ മറ്റൊരു പ്രധാന താരം. നമ്മുടെ മൂഡിനെ നല്ലതാക്കാന്‍ സഹായിക്കുന്ന ഒരിനം രാസപദാര്‍ത്ഥം ചോക്ലേറ്റിലടങ്ങിയിട്ടുണ്ടത്രേ. സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഘടകങ്ങളും മൂഡിനെ നല്ലതാക്കിവയ്ക്കാന്‍ സഹായിക്കുന്നു. 

ആറ്...

മുളകും ലൈംഗിക ശേഷിയെ സ്വാധീനിക്കാന്‍ കഴിവുള്ള ഭക്ഷണസാധനങ്ങളില്‍ പെടുന്നു. മുളകിലടങ്ങിയിരിക്കുന്ന കാപ്‌സെയ്‌സിന്‍ നേരത്തേ സൂചിപ്പിച്ചത് പോലെ മൂഡ് നല്ലതാക്കാന്‍ സഹായിക്കുന്നു. ഹൃദയസ്പന്ദനം വര്‍ധിപ്പിക്കാനും നാഡീവ്യൂഹങ്ങളെ ഉണര്‍ത്താനും മുളക് ഉത്തമം തന്നെ. 

ഏഴ്...

അവക്കാഡോ പഴവും ലൈംഗിക ശേഷിയെ ഉണര്‍ത്താന്‍ കഴിവുള്ള ഒന്നാണ്. സ്ത്രീയിലും പുരുഷനിലും ഒരുപോലെ ഉണര്‍വും, സ്റ്റാമിനയും ഉണ്ടാക്കാനാണ് അവക്കാഡോ സഹായിക്കുന്നത്.