ചിലയിനം ഭക്ഷണം ഉറക്കം നേടാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ ചില ഭക്ഷണങ്ങള്‍ ഉറക്കം നഷ്ടപ്പെടാനും കാരണമാകും. അത്തരത്തിലുള്ള ഏഴ് തരം ഭക്ഷണത്തെ കുറിച്ചാണ് ഇനി പറയുന്നത്

ഉറക്കമില്ലായ്മ നിത്യപ്രശ്‌നമാകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ജോലിസംബന്ധമായ 'സ്‌ട്രെസ്', മറ്റ് ജീവിതരീതികള്‍ എന്നിവ മൂലമാണ് പ്രധാനമായും ഉറക്കമില്ലായ്മ സംഭവിക്കുന്നത്. 

എന്നാല്‍ ഇതില്‍ ഭക്ഷണത്തിനും ചെറുതല്ലാത്തൊരു പങ്കുണ്ട്. ചിലയിനം ഭക്ഷണം ഉറക്കം നേടാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ ചില ഭക്ഷണങ്ങള്‍ ഉറക്കം നഷ്ടപ്പെടാനും കാരണമാകും. അത്തരത്തിലുള്ള ഏഴ് തരം ഭക്ഷണത്തെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

'കഫേന്‍' അടങ്ങിയ ഭക്ഷണമോ, പാനീയമോ കിടക്കുന്നതിന് മുമ്പായി കഴിച്ചാല്‍ ഉറക്കം നഷ്ടമാകും. കാരണം 'കഫേന്‍' ഒരു 'എനര്‍ജി ബൂസ്റ്റര്‍' ആണ്. അതായത്, നമുക്ക് ഉന്മേഷം പകരുന്ന സാധനം. ഉന്മേഷം ലഭിക്കുന്നതോടെ ഉറങ്ങാനുള്ള മാനിസകവും ശാരീരികവുമായി അവസ്ഥ മാറുന്നു. 

അതുപോലെ ഡാര്‍ക്ക് ചോക്ലേറ്റും രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കാം. ഇതിലും അല്‍പം 'കഫേന്‍' അടങ്ങിയിരിക്കും. 

രണ്ട്...

ഉറങ്ങുന്നതിന് മുമ്പായി മദ്യപിക്കുന്ന പതിവുണ്ടോ? എങ്കില്‍ അതുപേക്ഷിക്കുക. മദ്യം നല്ല ഉറക്കം സമ്മാനിക്കുമെന്ന ചിന്ത അസ്ഥാനത്താണ്. ഒരു മയക്കം നല്‍കുമെന്നല്ലാതെ ആഴത്തിലുള്ള ഉറക്കം നല്‍കാന്‍ ഒരിക്കലും മദ്യത്തിനാകില്ല. 

മൂന്ന്...

എന്തുതരം ഭക്ഷണമാണെങ്കില്‍ രാത്രിയില്‍ അമിതമായി കഴിക്കാതിരിക്കുക. അത്താഴം അമിതമായാലും ഉറക്കം പ്രശ്‌നത്തിലാകും. കാരണം ധാരാളം ഭക്ഷണം അകത്തെത്തുമ്പോള്‍ ശരീരത്തിന് അവയെ ദഹിപ്പിക്കാനുള്ള ജോലിയും വര്‍ധിക്കുന്നു. ഇതോടെ ഉറക്കം നഷ്ടമാകുന്നു. 

നാല്...

അധികം സ്‌പൈസുകള്‍ ചേര്‍ത്ത ഭക്ഷണം കിടക്കും മുമ്പ് കഴിക്കുന്നതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. 


ഇത് വയറെരിച്ചിലിനും ഗ്യാസുണ്ടാകുന്നതിനും കാരണമാകും. അതുമൂലം ഭാഗികമായോ പൂര്‍ണ്ണമായോ നിങ്ങള്‍ക്ക് ഉറക്കം നഷ്ടമാകാം. 

അഞ്ച്...

കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണവും പരമാവധി അത്താഴത്തില്‍ നിന്നും ഒഴിവാക്കുക. ഇതും വയറെരിച്ചിലും ഗ്യാസും ഉണ്ടാക്കാനേ ഉപകരിക്കൂ. 

ആറ്...

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും രാത്രിയില്‍ വേണ്ടെന്നുവയ്ക്കുക. പ്രോട്ടീന്‍ സാധാരണഗതിയില്‍ ദഹിപ്പിക്കല്‍ അത്ര എളുപ്പമുള്ള പരിപാടിയല്ല. ഇതിന് ധാരാളം സമയവും ആവശ്യമാണ്. അങ്ങിനെയാകുമ്പോള്‍ ശരീരം അതിന് വേണ്ടി അധ്വാനം തുടങ്ങും. ഇതോടെ ഉറക്കം പ്രശ്‌നത്തിലുമാകും, 

ഏഴ്...

വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയ ഭക്ഷണവും കിടക്കും മുമ്പ് ഒഴിവാക്കുന്നതാണത്രേ നല്ലത്.

തണ്ണിമത്തന്‍, സെലറി- തുടങ്ങിയവയൊക്കെ ഈ പട്ടികയില്‍ പെടുന്നതാണ്. ഇത്തരം ഭക്ഷണവും ഉറക്കത്തെ മോശമായി ബാധിക്കുമത്രേ.