മീന്‍ വിവാദം കെട്ടടങ്ങും മുമ്പ് വീണ്ടും അതാ തരൂരിന്റെ ട്വീറ്റ്. ഇക്കുറി പക്ഷേ, 'ഭക്ഷണങ്ങളുടെ രാജാവ്' ആരെന്നതായിരുന്നു വിഷയം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യ മാര്‍ക്കറ്റില്‍ കയറി വോട്ടര്‍മാരെ കണ്ട ശേഷം അതെക്കുറിച്ച് ശശി തരൂര്‍ ട്വിറ്ററിലെഴുതിയത് വിവാദമായിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. മീന്‍മണമടിക്കുമ്പോള്‍ ഓക്കാനം വരുന്ന തനിക്ക് പോലും വലിയ സ്വീകരണമാണ് മാര്‍ക്കറ്റില്‍ ലഭിച്ചതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. എന്നാല്‍ ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വമ്പന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 

മീന്‍ വിവാദം കെട്ടടങ്ങും മുമ്പ് വീണ്ടും അതാ തരൂരിന്റെ ട്വീറ്റ്. ഇക്കുറി പക്ഷേ, 'ഭക്ഷണങ്ങളുടെ രാജാവ്' ആരെന്നതായിരുന്നു വിഷയം. ലോക ഇഡ്ഢലി ദിനത്തില്‍ 'ഭക്ഷണങ്ങളുടെ രാജാവ്' എന്ന വിശേഷണവുമായി ഇഡ്ഢലിയെക്കുറിച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്. 

'ഇന്ന് ലോക ഇഡ്ഢലി ദിനമാണ്. ഭക്ഷണങ്ങളുടെ രാജാവാണ് ഇഡ്ഢലി. ഞാനെന്റെ ഒരു ദിവസം പോലും ഇഡ്ഢലിയില്ലാതെ തുടങ്ങാറില്ല...'- തരൂര്‍ കുറിച്ചു. 

Scroll to load tweet…

കഴിഞ്ഞ ഇഢ്ഢലി ദിനത്തിലും തരൂര്‍ തന്റെ പ്രിയ ഭക്ഷണത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ഇട്ടിരുന്നു. 

'ഇന്ന് ലോക ഇഡ്ഡലിദിനമാണ്. എന്റെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ഇഡ്ഢലി. തിരുവനന്തപുരത്തെ എന്റെ ഓരോ ദിവസവും തുടങ്ങുന്നത് തന്നെ ഇഡ്ഢലി കഴിച്ചുകൊണ്ടാണ്. ഇത്രയും ഗംഭീരമായ ഒരു ഭക്ഷണം പ്രതിഭാശാലികളായ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയെന്നത് എപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു...' -ഇതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ട്വീറ്റ്. 

Scroll to load tweet…

മീന്‍ മണം ഓക്കാനമുണ്ടാക്കുമെന്ന പ്രസ്താവന വിവാദമായതോടെ ഇതിനെ പ്രതിരോധിച്ച് തരൂരും രംഗത്തെത്തിയിരുന്നു. കുടുംബത്തിലെ എല്ലാവരും മീന്‍ കഴിക്കുന്നവരാണെന്നും മോശമായ അര്‍ത്ഥത്തിലല്ല അങ്ങനെ പറഞ്ഞതെന്നുമെല്ലാം തരൂര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ പോലും 'വെജിറ്റേറിയനിസം' പറയുന്നത് മോശം രാഷ്ട്രീയമാണെന്ന് ആരോപണങ്ങളുയര്‍ന്നു. 

ഇതിനിടെയാണ് ഇഡ്ഢലിയോടുള്ള പ്രേമം വെളിപ്പെടുത്തിക്കൊണ്ട് പുതിയ ട്വീറ്റുകള്‍ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.