തിളച്ച ചായ അങ്ങനെ തന്നെ ഗ്ലാസിലേക്ക് പകർത്തിക്കഴിക്കുന്നത് മിക്കവാറും ആളുകളുടെ ശീലമാണ്. ചിലർക്കത് സ്റ്റൈലാണ്. ഇങ്ങനെ ചൂടുചായ കുറേശ്ശെയായി ഊതിക്കഴിക്കുന്നതിൽ എന്തെങ്കിലും അപകടമുണ്ടോ?
'ചൂടുചായ ഊതിക്കുടിക്കാനാണ് ഗുപ്തന് ഇഷ്ടം....' ഹരികൃഷ്ണന്‍സ് എന്ന സിനിമയിലെ ഈ ഡയലോഗ് പിന്നീട് മലയാളികൾക്കിടയില്‍ വലിയ രീതിയിൽ ഹിറ്റായി മാറിയിരുന്നു. തിളച്ച ചായ ഊതിക്കുടിക്കുന്ന കൂട്ടുകാരെ ഈ ഡയലോഗും കാച്ചി കളിയാക്കാത്തവരും ചുരുക്കമായിരിക്കും. ചിലർക്ക് ചൂടുചായ അങ്ങനെതന്നെ കുടിക്കുന്നത് ഇപ്പറഞ്ഞത് പോലെ ഒരു സ്റ്റൈലിന്‍റെ ഭാഗമാണ്. മറ്റുചിലര്‍ക്കാണെങ്കില്‍ അത് ശീലവുമാണ്.
ചായ കുടിക്കുന്നവരില്‍ തന്നെ മുക്കാല്‍ പങ്ക് ആളുകളും തിളച്ച ചായ കുറേശ്ശെയായി ഊതിക്കുടിക്കാനാണ് താല്‍പര്യപ്പെടാറ്. ഇങ്ങനെ ചൂടുചായ കുടിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?
ഉണ്ടെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. തിളച്ച ചായ അങ്ങനെ തന്നെ ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കുന്നത് അന്നനാളത്തില്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യതയെ കൂട്ടുമത്രേ... 'അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി'യാണ് തങ്ങളുടെ പഠനറിപ്പോര്‍ട്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ചായ മാത്രമല്ല, കാപ്പിയോ പാലോ അങ്ങനെ തിളച്ച എന്ത് പാനീയമാണെങ്കിലും അപകടസാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
'പലര്‍ക്കും തിളച്ച ചായ കഴിക്കുന്നത് വളരെ ഇഷ്ടമാണ്. എന്നാലിത് അന്നനാളത്തില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ സാധാരണനിലയില്‍ നിന്ന് രണ്ട് മടങ്ങ് ഉയര്‍ത്തുന്നുണ്ട്. തിളച്ച എന്ത് പാനീയമാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. കുടിക്കുന്നതിന് മുമ്പ് കുറഞ്ഞത് നാല് മിനുറ്റെങ്കിലും അതിനെ ആറാന്‍ വിടണം. ഇത് രോഗസാധ്യതയെ കുറയ്ക്കും'- പഠനസംഘാംഗമായ ഫര്‍ഹാദ് ഇസ്ലാമി പറയുന്നു.
കഴിയുമെങ്കില്‍ അല്‍പനേരം കൂടി കാത്തിരുന്ന് ചൂടിന് അല്‍പം മയം വന്ന ശേഷം മാത്രം ചായ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നും ഇവര്‍ പറയുന്നു. വര്‍ഷങ്ങളായി ഈ ശീലം കൊണ്ടുനടക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഈ ശീലം മാറ്റാന്‍ ശ്രമിക്കണമെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.
