ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അമിത വണ്ണം അത്രത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തന്നെയാണ് അതിന് കാരണവും. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. ചില ഭക്ഷണങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരമൊന്നാണ് കരിമ്പ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണ് കരിമ്പിന്‍ ജ്യൂസ്.

 100 ഗ്രാം ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം ഒരു ഗ്ലാസ്സ് (300ml)കരിമ്പിന്‍ ജ്യൂസില്‍  111 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതില്‍ കാര്‍ബോഹൈഡ്രേറ്റ്സ് , പ്രോട്ടീണ്‍സ് , കാല്‍സ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. 

കരിമ്പിന്‍ കൊഴിപ്പ് കുറവാണ് അതിനാല്‍ ശരീരത്തിന് നല്ലതാണ്. കരിമ്പിന് മധുരം ഉളളതുകൊണ്ട്  ജ്യൂസ് കുടിക്കും മുന്‍പ് മധുരം ചേര്‍ക്കേണ്ടതില്ല എന്നതാണ് കരിമ്പിന്‍റെ ഏറ്റവും വലിയ ഗുണം. കരിമ്പില്‍ ഭക്ഷ്യ നാരുകള്‍ ധാരാളമുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ്സ് ജ്യൂസില്‍ 13 ഗ്രാം ഭക്ഷ്യനാരുകള്‍ ഉണ്ട്. കരിമ്പിന്‍ ജ്യൂസില്‍ ആന്‍റി ഓക്സിഡന്‍റുകളായ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. പിന്നെ ഡയറ്റിന് ആവശ്യമുളള ഫൈബറാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഫൈബര്‍ പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കും.                                                                                              

അതുപോലെ തന്നെ രക്തത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറച്ച് ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു. കരിമ്പിന്‍ ജ്യൂസില്‍ ഫാറ്റ് ഒട്ടുമില്ലെന്നും വിദഗ്ധര്‍ പറയുന്നു. ദിവസവും കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. ഫിറ്റ്നസ് പരിശീലകരുടെ അഭിപ്രായത്തില്‍ വര്‍ക്ക് ഔട്ട് ചെയ്തതിന് ശേഷം കരിമ്പിന്‍ ജ്യൂസ്  കുടിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വെയില്‍ കൊണ്ട് പുറത്തുനിന്ന് വന്നതിന് ശേഷം. 

വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ നല്ലൊരു പാനീയം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്. ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നൽകുന്നതും കൂടിയാണ് കരിമ്പിൻ ജ്യൂസ്.