പഞ്ചസാരയില്ലാത്ത വീടുണ്ടാവില്ല. ചായയിലും കാപ്പിയിലും പായസത്തിലുമൊക്കെ മധുരത്തിനായി ചേർക്കലാണു പ്രധാന ഉപഭോഗമെങ്കിലും ചില കറികളിൽ പോലും പഞ്ചസാരക്കു സ്ഥാനമുണ്ട്. അല്പം പഞ്ചസാരകൂട്ടി കഴിക്കാവുന്നവയാണ് നമ്മുടെ മിക്ക പലഹാരങ്ങളും. രാസപരമായി ഗ്ലൂക്കോസ്, ഫ്രക്ട്രോസ് എന്ന രണ്ടു മധുരഘടകങ്ങൾ ചേർന്നതാണ് പഞ്ചസാര. കരിമ്പിൽ നിന്നാണ് പൊതുവേ പഞ്ചസാരയുടെ നിർമ്മാണം. ചില കിഴങ്ങുകളിൽ നിന്നുള്ള ഉത്പാദനവും ഉണ്ട്. കരിമ്പിൻ ജ്യൂസിൽ നിന്നും കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളും ജീവകങ്ങളും എല്ലാം രാസവസ്തുക്കൾ ചേർത്ത് ബ്ലീച്ച് ചെയ്തുമാറ്റി മധുരം മാത്രമാക്കിയതാണ് ഇന്ന് നമുക്കുകിട്ടുന്ന വെളുത്ത പഞ്ചസാര. ഉയർന്ന കലോറിയും കാർബോഹൈഡ്രേറ്റുമല്ലാതെ അതിൽ ഒന്നുമില്ല. ബ്ലീച്ച് ചെയ്യാത്ത ബ്രൗൺ ഷുഗറും കൃത്രിമ രാസപ്രക്രിയകളൊന്നും നടത്താത്ത ഓർഗാനിക് ഷുഗറും ഇന്ന് വിൽപ്പനക്കെത്തുന്നുണ്ട്. എല്ലാ വസ്തുക്കളിലും മായവും നന്നായുണ്ട്. ഉയർന്ന ഉപഭോഗം മൂലം വിലകുറഞ്ഞ സമാനരൂപമുള്ള വസ്തുക്കൾ കലർത്തി തൂക്കം കൂട്ടലാണ് പഞ്ചസാരയിലെ പ്രധാനമായമെന്ന് ഭക്ഷ്യഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. 

ഗുണത്തേക്കാൾ ദോഷം 

നാം ദിവസവും കഴിക്കുന്ന വസ്തുക്കളിൽ ഗുണത്തേക്കാൾ ദോഷമുണ്ടാക്കുന്നതാണ് വെളുത്ത പഞ്ചസാര എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഗ്ലൂക്കോസ് ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന് ഊർജ്ജമേകുന്ന ഒന്നാണത്. ശരീരത്തിന് ആവശ്യമായ എണ്ണ ഉണ്ടാകുന്നതിനും പഞ്ചസാര സഹായിക്കും. എന്നാൽ ഇതെല്ലാം കുറഞ്ഞ അളവിൽ പഞ്ചസാര കഴിച്ചാൽ മാത്രമാണ്. തേൻ, പഴച്ചാറുകൾ എന്നിവയിലെയൊക്കെ സ്വാഭാവിക മധുരം വേണ്ടത്ര കഴിക്കുകയാണെങ്കിൽ ശരീരത്തിൻ്റെ മധുരാവശ്യം നിറവേറ്റാൻ അതിനു കഴിയും. പഞ്ചസാരയുടെ പ്രധാനപ്രശ്നം അതു ദഹിക്കാൻ വേണ്ട ധാതുലവണങ്ങളൊന്നും അതിലില്ല എന്നതാണ്. അപ്പോൾ പഞ്ചസാരയെ ദഹിപ്പിക്കാൻ ആവശ്യമായ കാത്സ്യവും ഫോസ്ഫറസുമെല്ലാം നമ്മുടെ എല്ലുകളിൽ നിന്നും പേശികളിൽ നിന്നും മറ്റും ശരീരം വലിച്ചെടുക്കും. ഇത് പേശികളേയും എല്ലുകളേയുമൊക്കെ ദുർബലമാക്കും.

കോശങ്ങൾ നശിക്കാനും രോഗപ്രതിരോധശേഷി കുറയാനും രക്തത്തിൽ കൊഴുപ്പും മറ്റും അടിഞ്ഞു കൂടാനും ഹൃദ്രോഗം, പ്രമേഹം, ഓർമ്മക്കുറവ് തുടങ്ങിയ രോഗങ്ങൾ വരാനും പഞ്ചസാരയുടെ അമിതോപയോഗം കാരണമാകും. ഗർഭാവസ്ഥയിൽ കുഞ്ഞിന് ദോഷമുണ്ടാക്കാനും ക്യാൻസർ സാധ്യത കൂട്ടാനും പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപഭോഗം കാരണമാകും. പഞ്ചസാര ഉല്പാദനത്തിലെ രാസപ്രക്രിയയിൽ കലർത്തപ്പെടുന്ന കെമിക്കലുകൾ ശരീരത്തിൽ അടിയുന്നതും മറ്റൊരു അപകടമാണ്. സൾഫേറ്റ് ആണ് ഇതിൽ പ്രധാനം. ഇന്ന് സൾഫേറ്റ് ചേർത്തുള്ള പ്രക്രിയ ഒഴിവാക്കിയ സൾഫേറ്റ് ഫ്രീ പഞ്ചസാരയും പഞ്ചസാര ഉണ്ടാക്കാൻ വേണ്ടി അരിച്ചുമാറ്റിയ കരിമ്പിൻ നീര് കുറച്ചൊക്കെ പിന്നീട് കൂട്ടിച്ചേർക്കുന്ന ബ്രൗൺ ഷുഗറും കുറെയൊക്കെ അപകടം കുറഞ്ഞതാണ്. കരിമ്പിൻ ജ്യൂസിലെ ധാതുലവണങ്ങൾ കുറെയൊക്കെ നഷ്ടപ്പെടാത്ത അൺറിഫൈൻഡും അൺബ്ലീച്ച്ഡുമായ ഓർഗാനിക് ഷുഗറും ലഭ്യമാണെങ്കിലും വില വളരെ കൂടുതലാണ്. അന്തർദ്ദേശീയ വിപണിയിൽ കിലോക്ക് 60,000 രൂപയൊക്കെ വിലവരുന്ന ഓർഗാനിക് ഷുഗറുകൾ കാണാം!

വില കുറഞ്ഞതെന്തും മായം

വെള്ള നിറത്തിലുള്ള വിലകുറഞ്ഞ എന്തുവസ്തുക്കളും പഞ്ചസാരയിൽ മായമായി ചേർക്കുന്ന അവസ്ഥയുണ്ട്. തുടർന്ന് പെട്ടെന്ന് വേർതിരിച്ചറിയാതിരിക്കാൻ മൊത്തത്തിൽ എന്തെങ്കിലും കളർ ഫ്ലേവർ കൊടുക്കും. ചോക്ക് പൊടി, വാഷിങ് സോഡ, വെളുത്ത മണൽ, പ്ലാസ്റ്റിക് തരികൾ, യൂറിയ, റവ, കൽത്തരികൾ തുടങ്ങിയവയാണ് ഇങ്ങനെ മായമായി കലർത്തുന്ന പ്രധാനവസ്തുക്കൾ എന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ വിശദീകരിക്കുന്നു. ഇവയുടെ സാന്നിദ്ധ്യം പെട്ടെന്ന് അറിയാതിരിക്കാനായി മൊത്തത്തിൽ മെറ്റാനിൽ യെല്ലോയോ അതുപോലെ ഇളം മഞ്ഞയോ വെള്ളയോ നിറം നൽകുന്ന രാസവസ്തുക്കളോ കലർത്തുന്നു. വെള്ള പഞ്ചസാര തന്നെ ഇങ്ങനെ നിറം പൂശി ബ്രൗൺ ഷുഗറായോ ഓർഗാനിക് ഷുഗറായോ എത്തുന്നുമുണ്ട്.

ദോഷങ്ങൾ ഇരട്ടിക്കും

സ്വാഭാവികമായും കുഴപ്പക്കാരനായ പഞ്ചസാരയുടെ ദൂഷ്യവശങ്ങൾ ഇരട്ടിപ്പിക്കുകയാണ് പഞ്ചസാരയിൽ കലർത്തുന്ന ഈ മായങ്ങൾ ചെയ്യുന്നത്. മാത്രമല്ല നിരവധി ദഹനപ്രശ്നങ്ങളും ഉന്മേഷമില്ലായ്മയുമൊക്കെ ഉണ്ടാക്കുന്നതാണ് പഞ്ചസാരയിൽ കലർത്തുന്ന മായങ്ങൾ. കൂടാതെ വൃക്കയിലെ കല്ലുകൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ, ദഹനപ്രശ്നങ്ങൾ, ഗൗട്ട് രോഗം എന്നിവക്കൊക്കെ കാരണമാകുന്നതാണ് ചോക്കുപൊടിയുടെ ഉപയോഗം.

എല്ലുകളിൽ വേദനയുണ്ടാക്കുന്നതും ശ്വാസതടസ്സമുണ്ടാക്കുന്നതും വൃക്കകളെ തകരാറിലാക്കുന്നതും തലച്ചോറിനെ ബാധിക്കുന്നതും അബോധാവസ്ഥക്കിടയാക്കുന്നതുമാണ് യൂറിയ. രാസനിറങ്ങൾ ശരീരത്തിലെ കോശ-നാഡീവ്യവസ്ഥകളെയാകെ ബാധിക്കുന്നതുമാണ്. പഞ്ചസാരയുടെ കുഴപ്പങ്ങളൊഴിവാക്കാൻ വേണ്ടി രോഗാവസ്ഥകളിലുള്ളവരും മറ്റും തിരഞ്ഞെടുക്കുന്ന ബ്രൗൺ/ഓർഗാനിക് ഷുഗറുകളെന്ന പേരിൽ വെള്ള പഞ്ചസാര തന്നെ നിറം ചേർത്ത് കിട്ടുമ്പോൾ അപകടം പതിന്മടങ്ങാകുന്നു.

ചില വീട്ടുപരീക്ഷണങ്ങൾ

പഞ്ചസാര പൂർണ്ണമായും വെള്ളത്തിൽ അലിഞ്ഞുചേരുന്നതാണ്. എന്നാൽ പഞ്ചസാരയിൽ മായമായി ചേർക്കുന്ന പലതും അങ്ങനെയല്ല. ഒരു ചില്ലുഗ്ലാസ്സിൽ അല്പം പഞ്ചസാരയെടുത്ത് കലക്കിയാൽ എന്തെങ്കിലും അടിയിൽ അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ അത് മണലോ കല്ലോ ചോക്കുപൊടിയോ ഒക്കെ ആയിരിക്കും. കുറച്ച് പഞ്ചസാര കലക്കിയ വെള്ളത്തിലേക്ക് ഒരു മില്ലി ഹൈഡ്രോ ക്ലോറിക്കാസിഡ് ഒഴിക്കുമ്പോൾ പതഞ്ഞുപൊങ്ങുന്നെങ്കിൽ വാഷിങ് സോഡ ചേർന്നിട്ടുണ്ട്. ചോക്ക് പൊടി ചേർന്ന ലായനിയും ഈ പതയുണ്ടാക്കും. പഞ്ചസാര വെള്ളത്തിൽ ലയിപ്പിക്കുമ്പോൾ അമോണിയയുടെ ഗന്ധം വരുന്നുണ്ടെങ്കിൽ യൂറിയ ചേർത്തിട്ടുണ്ടെന്നുറപ്പിക്കാം. സംശയം തോന്നുന്ന പക്ഷം ലബോറട്ടറി പരീക്ഷണങ്ങളിലൂടെ കൃത്യമായി മായം ഉറപ്പുവരുത്തുക.