Asianet News MalayalamAsianet News Malayalam

ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ, ലോകത്ത് ആദ്യം, നീക്കം ജീവിതശൈലി രോഗങ്ങൾക്ക് തടയിടാൻ

ഉപ്പ് അമിതമായി ഉപയോഗിക്കുന്നതാണ് കൊളംബിയയിലെ പൊതുവായ ഭക്ഷണ രീതി. ഇത് രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വർധനവ് സൃഷ്ടിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണായക നീക്കം.

to tackle lifestyle diseases coulumbia introduces junk food law etj
Author
First Published Nov 12, 2023, 8:25 AM IST

ബൊഗോട്ട: ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസാക്കി കൊളംബിയ. അമിതമായ അളവിൽ കൊഴുപ്പും, ഉപ്പും മധുരവുമുള്ള ഇൻസ്റ്റന്‍റ് ഭക്ഷണങ്ങളോടുള്ള മനുഷ്യരുടെ കമ്പം തുടങ്ങിയത് മുതൽ ആരോഗ്യ നിലവാരം താഴേക്കാണ് കുതിക്കുന്നത്. പല മാരക രോഗങ്ങൾക്കും ജീവിത ശൈലി രോഗങ്ങൾക്കും ഇവ കാരണമാകുന്നെന്ന് വ്യക്തമായെങ്കിലും, ഉപയോഗത്തിനും വിൽപ്പനയ്ക്കും തടയിടുക അപ്രായോഗികം എന്നതാണ് നിലവിലെ അവസ്ഥ. ഇതിനൊരു മാറ്റവുമായെത്തുകയാണ് കൊളംബിയ.

ലോകത്ത് ആദ്യമായി ജങ്ക് ഫുഡ് നിയമം പാസ്സാക്കിയിരിക്കുകയാണ് കൊളംബിയ. ജങ്ക് ഫുഡ് ഗണത്തിൽപ്പെടുന്ന പ്രോസസ്ഡ് ഭക്ഷണങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം. 10 ശതമാനം മുതൽ 20 ശതമാനം വരെയാണ് വില വർധനയാണ് ജങ്ക് ഫുഡുകള്‍ക്ക് ഈ മാസം മുതൽ നൽകേണ്ടി വരിക. ഇത്തരം ഭക്ഷണങ്ങളിൽ നിർബന്ധിത മുന്നറിയിപ്പുകൾ നൽകുന്നതും രാജ്യത്ത് പരിഗണനയിലാണ്. വർഷങ്ങൾ നീണ്ട പരിശ്രമങ്ങളുടേയും പ്രചരണങ്ങളുടെ ശ്രമഫലമായാണ് നിയമം വരുന്നത്. പ്രോസസ് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ക്ക് പ്രത്യേകമായി ചുമത്തുന്ന ടാക്സില്‍ കാലക്രമേണ വർധനവ് വരുത്തും. പല രാജ്യങ്ങളും പുകയില ഉൽപന്നങ്ങൾക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും മധുരം അധികമായി ഉപയോഗിക്കുന്ന പാനീയങ്ങള്‍ക്കും അമിത നികുതി ചുമത്തിയിട്ടുണ്ട്.

എന്നാല്‍ പ്രോസസ് ചെയ്ത ഭക്ഷണ വസ്തുവിന് ഇത്തരത്തിൽ നികുതി ചുമത്തുന്നത് ആദ്യമായാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തീരുമാനമാണ് കൊളംബിയ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. റെഡി ടു ഈറ്റ്സ് ഭക്ഷ്യ വസ്തുക്കളിലും ഉപ്പ് അധികമായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളിലും ചോക്ലേറ്റ്, ചിപ്സുകള്‍ എന്നിവയ്ക്ക് നികുതി ബാധകമാവും. എന്നാൽ സോസേജുകള്‍ക്ക് ടാക്സ് ഏർപ്പെടുത്തിയിട്ടില്ല. ഭക്ഷ്യ വ്യവസായ മേഖലയിലെ കമ്പനികളുമായുള്ള ധാരണയേ തുടർന്നാണ് ഇത്.

ഉപ്പ് അമിതമായി ഉപയോഗിക്കുന്നതാണ് കൊളംബിയയിലെ പൊതുവായ ഭക്ഷണ രീതി. ഇത് രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള വർധനവ് സൃഷ്ടിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നിർണായക നീക്കം. ഒരു സാധാരണ കൊളംബിയന്‍ പൌരന്‍ ഒരു ദിവസത്തില്‍ ശരാശരി 12 ഗ്രാം ഉപ്പ് ആഹരിക്കുന്നുവെന്നാണ് വിവരം. രാജ്യത്തെ പ്രായപൂർത്തിയായ ഒട്ടുമിക്ക ആളുകൾക്കും രക്ത സമ്മർദ്ദവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios