കൊളസ്‌ട്രോള്‍, നമുക്കറിയാം നിയന്ത്രിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ചേക്കാവുന്ന ഒന്നാണ്. പ്രധാനമായും ഹൃദയത്തെ ആണ് കൊളസ്‌ട്രോള്‍ ദോഷകരമായി ബാധിക്കുന്നത്. 

മരുന്നല്ല, മറിച്ച് ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാന്‍ സ്വീകരിക്കേണ്ട മാര്‍ഗം. അമിതമായ ശരീരഭാരം ഉള്ളവരാണെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക, ഉറക്കവും ഭക്ഷണവും സമയത്തിന് അനുസരിച്ച് ക്രമീകരിക്കുക, മാനസികസമ്മര്‍ദ്ദങ്ങളൊഴിവാക്കുക, പുകവലി- മദ്യപാനം പോലുള്ള ശീലങ്ങള്‍ പാടെ അവസാനിപ്പിക്കുക തുടങ്ങിയവയെല്ലാം ജീവിതരീതിയില്‍ വരുത്താവുന്ന ഏറ്റവും ഗുണകരമായ മാറ്റങ്ങളാണ്. 

ഇതില്‍ പ്രധാനമാണ് ഡയറ്റ്. ഡയറ്റ് എന്ന് പറയുമ്പോഴേക്ക് മിക്കവാറും ഭക്ഷണസാധനങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ തിരിയുന്നത്. എന്നാല്‍ ഭക്ഷണം മാത്രമല്ല, നമ്മള്‍ പതിവായി കഴിക്കുന്ന പാനീയങ്ങള്‍ക്കും ഇതില്‍ മോശമല്ലാത്തൊരു പങ്കുണ്ട്. സംശയിക്കേണ്ട, മലയാളികളുടെ ഇഷ്ടപാനീയമായ ചായയെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. 

കൊളസ്‌ട്രോളുള്ളവര്‍ ചായ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പരമാവധി ഹെര്‍ബല്‍ ചായകള്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുക. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. ഇതില്‍ പ്രധാനമാണ് ഗ്രീന്‍ ടീ. ആകെ ആരോഗ്യത്തിന് തന്നെ നല്ലതാണ് ഗ്രീന്‍ ടീ. അതോടൊപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. ദിവസത്തില്‍ രണ്ട് കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് വണ്ണം കുറയാനും, ബുദ്ധിയുടെ സുഗമമമായ പ്രവര്‍ത്തനത്തിനും പ്രമേഹത്തെ പ്രതിരോധിക്കാനുമെല്ലാം സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയാകുമ്പോള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമായി കഴിക്കുകയാണെന്ന് കരുതുകയും വേണ്ടല്ലോ. 

അതുപോലെ കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കേണ്ട മറ്റൊരു ചായ, കട്ടന്‍ചായയാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ കട്ടന്‍ചായ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതപ്പെടുത്താനും ചില സാഹചര്യങ്ങളില്‍ കട്ടന്‍ചായ ഉപകാരപ്രദമാകാറുണ്ട്. എന്നാല്‍ ഏത് ചായയാണ് കഴിക്കാന്‍ തെരഞ്ഞെടുക്കുന്നതെങ്കിലും അതില്‍ മധുരം ചേര്‍ക്കുന്ന കാര്യത്തില്‍ യുക്തിപൂര്‍വ്വമായ തീരുമാനം നിങ്ങള്‍ തന്നെ എടുക്കുക. പ്രോസസ് ചെയ്തുവരുന്ന മധുരമാണ് നമ്മളിന്ന് വിപണിയില്‍ നിന്ന് വാങ്ങിക്കുന്നതെല്ലാം. അത് എത്രമാത്രം ശരീരത്തിന് മോശമാണെന്നത് നിങ്ങള്‍ തന്നെ ഡോക്ടറോട് ചോദിച്ച് മനസിലാക്കുക.