ഏറെ പോഷകഗുണങ്ങളുള്ളവയാണ് വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍. പഴങ്ങളും പച്ചക്കറികളും ധാന്യകങ്ങളും പരിപ്പ് വര്‍ഗങ്ങളുമൊക്കെ പോഷകസമൃദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ്. 

ഏറെ പോഷകഗുണങ്ങളുള്ളവയാണ് വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍. പഴങ്ങളും പച്ചക്കറികളും ധാന്യകങ്ങളും പരിപ്പ് വര്‍ഗങ്ങളുമൊക്കെ പോഷകസമൃദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ്. ഇവിടെയിതാ, വേനല്‍ക്കാലത്തെ ആരോഗ്യ സംരക്ഷണത്തിനായി ഒരാള്‍ ഒരു ദിവസം ഉറപ്പായും കഴിക്കേണ്ട അഞ്ച് തരം വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1. സോയാബീനില്‍ തുടങ്ങാം...

വലിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഒന്നാണ് സോയാബീന്‍. രാവിലെയും മറ്റും ഭക്ഷണത്തിനൊപ്പം ഒരു സോയാ വിഭവം കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവിനെ കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. കൂടാതെ പൊണ്ണത്തടിയും കുടവയറും കുറയ്‌ക്കാന്‍ ഇത് നല്ലതാണ്. ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി, പകരം സോയാ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

2. പച്ചക്കറികള്‍...

ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് വെജിറ്റേറിയന്‍ ഭക്ഷണക്രമം. അതില്‍ ഏറ്റവും പ്രധാനമാണ് പച്ചക്കരികള്‍. ചീര, മുരങ്ങി പോലെയുള്ള കടുംപച്ചനിറത്തിലുള്ള ഇലക്കറികള്‍, ബ്രോക്കോളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം എന്നിവയില്‍നിന്നൊക്കെ സംരക്ഷണം നല്‍കുന്നു.

3. പ്രോട്ടീന്‍ കലവറ...

സാധാരണ മാംസാഹാരം കഴിക്കുന്നത് കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കുന്നതിനാണ്. എന്നാല്‍ പയര്‍ വര്‍ഗങ്ങള്‍, കടല, ഗ്രീന്‍പീസ്, ബീന്‍സ് എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ധാരാളം പ്രോട്ടീന്‍ നമുക്ക് ലഭിക്കും. കൂടാതെ അമിനോ ആസിഡ്, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്, സിങ്ക്, തയാമിന്‍, റൈബോഫ്ലാവിന്‍, നിയാസിന്‍, തുടങ്ങിയ വിറ്റാമിന്‍ ബിയും ബി6ഉം ധാരാളമായി പയറുവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

4. കുരു വര്‍ഗങ്ങള്‍...

ചണവിത്ത്, സൂര്യകാന്തി എണ്ണ, കടുക് എന്നിവയില്‍ ചിലതെങ്കിലും ദിവസവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വിറ്റാമിനും ഇതില്‍നിന്ന് ലഭിക്കും. ദഹനപ്രക്രിയ എളുപ്പമാകുന്നതിനും ഇത് സഹായകരമാണ്.

5. ധാന്യകം...

ആരോഗ്യത്തിനൊപ്പം ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി ധാരാളം പ്രോട്ടീനും അന്നജവും നാരുകളും അടങ്ങിയിട്ടുള്ള ധാന്യകം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. അരി, ഗോതമ്പ്, റവ എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ധാന്യകങ്ങള്‍.