ദീപാവലിയാണ് വരുന്നത്. ആരോഗ്യത്തെ കുറിച്ച് മറന്ന് മധുരമുള്ളതും ഫാറ്റ് അടങ്ങിയതുമായ ഭക്ഷണം കഴിക്കുന്ന സമയമാണ്. ദീപാവലി2019 എന്ന ട്രെന്‍ഡിങ് ഹാഷ്ടാഗിനിടെയാണ്  കഴിഞ്ഞ കുറച്ച് ദിവസമായി ബോളിവുഡില്‍ മറ്റൊരു ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. #projectstreedhan എന്ന ഹാഷ്ടാഗോട് കൂടി ബോളിവുഡ് താരം വിദ്യ ബാലനാണ് ഈ ക്യാമ്പൈന്‍ തുടങ്ങിവെച്ചത്.  

കൈയില്‍ ഒരു പ്ലേറ്റില്‍ ഈന്തപ്പഴവുമായി നില്‍ക്കുന്ന ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് വിദ്യ ഇങ്ങനെ പറഞ്ഞു. 'ഇന്ത്യയില്‍ രണ്ടില്‍ ഒരു സ്ത്രീക്ക് വിളര്‍ച്ചയുണ്ട് (Anaemia). കുറച്ച് വര്‍ഷങ്ങളായി ഞാന്‍  ആ രണ്ടില്‍ ഒരാളാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയം ഈന്തപ്പഴമാണ്. നിങ്ങളുടെ ഏതാണ്? സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിന് പകരം ഇരുമ്പില്‍ നിക്ഷേപിക്കൂ. ആരോഗ്യകരമായ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കൂ' - വിദ്യ കുറിച്ചു. 

 

 

ദീപാവലിക്കിടെ ആരോഗ്യത്തെ കുറിച്ച് കൂടി ജാഗ്രിതരാകണം എന്ന മുന്നറിയിപ്പാണ് വിദ്യ നല്‍കുന്നത്.   ഇന്ത്യയില്‍ 53.2 ശതമാനം സ്ത്രീകളിലും 50.4  ശതമാനം ഗര്‍ഭിണികളായ സ്ത്രീകളിലും വിളര്‍ച്ചയുണ്ടെന്നാണ്  നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ പറയുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണ് വിളർച്ചയ്ക്ക് കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് വിളർച്ചയ്ക്ക് കാരണമാകാറുണ്ട്. ഇരുമ്പ്, ആന്റി– ഓക്സിഡന്റുകൾ, ജീവകങ്ങൾ, തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ആഹാരം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നതാണ് ഇതിനൊരു പ്രതിവിധി. 

 

 

വിദ്യ ബാലന്‍ തുടങ്ങി വെച്ച ഈ ക്യാമ്പൈന്‍ പിന്നീട് ദിയ മിര്‍സ , സോഹ അലി ഖാന്‍ , മന്ദിരാ ബേട്ടി എന്നിവരും ഏറ്റെടുത്തു. ഇരുമ്പ് അടങ്ങിയ അവരുടെ ഇഷ്ട ഭക്ഷണങ്ങള്‍ അവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.