സ്വര്‍ണ്ണ വിലയേക്കാള്‍ ആളുകള്‍ ഇന്ന് നോക്കുന്നത് ഉളളിയുടെ വിലയാണ്. ഉള്ളി, സവാള എന്നിവയുടെ വില കുതിച്ചുയരുകയാണ്. സെഞ്ച്വറി കടന്ന് വില മുന്നോട്ട് പോകുമ്പോള്‍ ഉള്ളി മോഷണം വരെയെത്തി കാര്യങ്ങള്‍. സവാള വില ഉയരുന്നതിൽ കടുത്ത പ്രതിഷേധവും ഉയരുന്നരുണ്ട്. ഇതിനിടയില്‍ ഉളളിയെ കുറിച്ച് ട്രോളുകളുമെത്തി. 

ഇപ്പോള്‍ ഇതാ ആളുകള്‍ വിവാഹത്തിന് വരെ ഉള്ളി സമ്മാനമായി നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. അത്രയും വിലയുളള മറ്റൊന്നുമില്ല എന്നാണ് ഇവര്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതും.  ഫേസ്ബുക്കിലെ 'ജിഎന്‍പിസി'  എന്ന പേജിലാണ് ഒരു വിവാഹത്തിന് നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള,ഉള്ളി എന്നിവ സമ്മാനമായി നല്‍കുന്ന ചിത്രം പോസ്റ്റ്  ചെയ്തത്. 

'ഇത്രയും ആര്‍ഭാടമോ' എന്നാണ് പലരും നര്‍മ്മത്തോടെ ചോദിക്കുന്നത്. 'ധൂർത്ത് അൽപ്പം കൂടുന്നുണ്ട്' എന്നാണ് മറ്റ് ചിലരുടെ കമന്‍റ്. 'പണത്തിന്റെ അഹകരം' എന്ന അഭിപ്രായവും ചിലര്‍ രേഖപ്പെടുത്തി. എന്തായാലും  സംഭവം വൈറലായി. ഇതുവരെ 43000 പേര്‍ പോസ്റ്റിന് ലൈക്കും ചെയ്തു.