സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിളർച്ച. ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണ് വിളർച്ചയ്ക്ക് പ്രധാന കാരണമായി ആരോഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

 ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത് വിളർച്ചയ്ക്ക് കാരണമാകാറുണ്ട്. ഭക്ഷണം നന്നായി കഴിക്കുന്നവരുടെയിടയിലും വിളർച്ചയുണ്ടാകും. നാം സാധാരണയായി ഉപയോഗിക്കുന്ന പല മരുന്നുകളും ഇരുമ്പിന്റെ ആഗിരണത്തെ തടയാം. ജനിതക പ്രശ്നങ്ങളും മറ്റു രോഗങ്ങളും വിളർച്ചയ്ക്ക് കാരണമാകുന്നുണ്ട്.

പോഷകാഹാരക്കുറവും അമിതപോഷണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു പറയാം. പോഷകാഹാരക്കുറവ് ദാരിദ്ര്യം സമ്മാനിക്കുമ്പോൾ അമിതപോഷണം പൊണ്ണത്തടിയിലേക്ക് നയിക്കും. ഈ വൈരുദ്ധ്യം വിരൽ ചൂണ്ടുന്നത് ഒരേ ഘടകത്തിലേക്കാണ്– വേണ്ടത് വേണ്ട അളവിൽ മലയാളി ഭക്ഷണമാക്കുന്നില്ല. ആധുനിക കേരളത്തിന്റെ ഭക്ഷ്യസംസ്കാരമാണ് സീറോ കലോറി ഫുഡ് എന്ന ഘടകം. 

 ആവശ്യമായ സമയത്ത് ആവശ്യമായ അളവിൽ ഇരുമ്പ് അടങ്ങിയ സമീകൃതാഹാരം ശരീരത്തിൽ എത്താത്തതാണ് പോഷകാഹാരക്കുറവിന്റെയും അമിതപോഷണത്തിന്റെയും പ്രധാന കാരണം. ഇതുമൂലമുണ്ടാകുന്ന വിളർച്ചയാകട്ടെ വ്യക്തിയുടെ പ്രവർത്തനക്ഷമത, ഊർജം, ഉന്മേഷം, കാര്യപ്രാപ്തി എന്നിവ ഇല്ലാതാക്കുകയും ചെയ്യും. ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്. 

വിളർച്ചയ്ക്ക് പരിഹാരം ആഹാരം മാത്രമാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇരുമ്പ്, ആന്റി– ഓക്സിഡന്റുകൾ, ജീവകങ്ങൾ, തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ആഹാരം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇവ അടങ്ങിയിരിക്കുന്ന ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയ ആവശ്യമായ തോതിൽ  ശരീരത്തില‌െത്തണം എന്ന് ഉറപ്പാക്കണം. ജങ്ക് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണങ്ങൾ വിളർച്ചയിലേക്ക് നയിക്കും.

ഈ ഭക്ഷണങ്ങൾ കഴിക്കാം....

പച്ചക്കറികള്‍...

ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍, ഇലക്കറികൾ, ഇറച്ചി, മത്സ്യം‍, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഓറഞ്ച്...

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്. ഇവ ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. 

മാതളനാരകം...

മാതളം അല്ലെങ്കില്‍ മാതളനാരകം കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം.  കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം   കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം ...

ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. 

ബീറ്റ്റൂട്ട്...

ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങിയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ദിവസവും ജ്യൂസായി കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ സഹായിക്കും.