അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടക്കുന്നവരുമുണ്ട്. എന്നാല്‍ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. 

നിങ്ങള്‍ ഒരു നോണ്‍-വെജ് ആണെങ്കില്‍, നിങ്ങളുടെ ഡയറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാംസം തന്നെയായിരിക്കും. ചിക്കന്‍ (വൈറ്റ് മീറ്റ്) മുതല്‍ ബീഫും മട്ടനും (റെഡ് മീറ്റ്) വരെയായിരിക്കും നിങ്ങളുടെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങള്‍. 

എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ വിഭവങ്ങളുടെ കാര്യത്തിലും കുറച്ച് നിയന്ത്രണങ്ങള്‍ വേണം. ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ ആരോഗ്യത്തിനും നല്ലത് മട്ടനോ ചിക്കനോ? പരിശോധിക്കാം...

1. റെഡ് മീറ്റില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റെഡ് മീറ്റില്‍ 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വൈറ്റ് മീറ്റില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഇരട്ടിയാണ്. 100 ഗ്രാം വൈറ്റ് മീറ്റില്‍ 1.3 മില്ലിഗ്രാം ഇരുമ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം എന്ന രീതിയില്‍ മട്ടനാണ് ചിക്കനെക്കാള്‍ നല്ലത്. 

2. റെഡ് മീറ്റിനെക്കാള്‍ ഫാറ്റ് കുറവാണ് വൈറ്റ് മീറ്റില്‍. 100 ഗ്രാം മട്ടനിലും ബീഫിലും 20 ഗ്രാം ഫാറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ 100 ഗ്രാം ചിക്കനില്‍ 14 ഗ്രാം ഫാറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ഫാറ്റ് അല്ലെങ്കില്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചിക്കന്‍ (വൈറ്റ് മീറ്റ്) കഴിക്കുക. 

3. പ്രോട്ടീനിന്‍റെ കാര്യത്തില്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. 100 ഗ്രാം വൈറ്റ്, റെഡ് മീറ്റില്‍ 25 മുതല്‍ 30 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

4. വൈറ്റമിന്‍ ധാരാളം അടങ്ങിയവയാണ് റെഡ് മീറ്റും വൈറ്റ് മീറ്റും. രണ്ടിലും വൈറ്റമിന്‍ ബി2, ബി3, ബി5, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. റെഡ് മീറ്റില്‍ വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

5.റെഡ് മീറ്റും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. റെഡ് മീറ്റില്‍ ഫാറ്റ് ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങളും പറയുന്നു. 

6. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് റെഡ് മീറ്റ് ക്യാന്‍സറുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ പട്ടികയിലാണ്. റെഡ് മീറ്റ് ധാരാളമായി കഴിക്കുന്നത് ക്യാന്‍സര്‍ ഉണ്ടാകാനുളള സാധ്യത കൂട്ടും. 

7. ബീഫ്, മട്ടൻ പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ചെറിയ അളവിൽ കഴിക്കുന്നത് പോലും മരണസാധ്യത കൂട്ടാമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.  ഇറച്ചി കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ റെഡ് മീറ്റും സംസ്കരിച്ച ഇറച്ചിയും കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. റെഡ് മീറ്റിന്റെ ഉപയോ​ഗം കുറയ്ക്കുന്നത് ക്രോണിക്ക് ഡിസീസ് തടയാനാകുമെന്നും പഠനത്തിൽ പറയുന്നു.