സ്‌പാനിഷ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ മുന്‍ ചാമ്പ്യന്‍മാരായ റയൽ മാഡ്രിഡ് ഇന്നിറങ്ങും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രധാന ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി രാത്രി പത്തിന് ലെസ്റ്റർ സിറ്റിയെ നേരിടും. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലുമായി ആറ് പോയിന്‍റ് പിന്നിലുള്ള സിറ്റിക്ക് കിരീട പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. ചെൽസിക്ക് ഇന്ന് ബ്രൈറ്റനാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ടോട്ടനം, ബേൺമൗത്തിനെയും എവർട്ടൻ, ഫുൾഹാമിനെയും ആസ്റ്റൻവില്ല, ന്യുകാസിലിനെയും നേരിടും. സതാംപ്റ്റണ് ക്രിസ്റ്റൽ പാലസും വോൾവ്സിന് ബ്രെന്‍റ്ഫോ‍ർഡുമാണ് ഇന്ന് എതിരാളികൾ. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ഡിസ്‌നി+ഹോട്‌സ്റ്റാറിലൂടേയും മത്സരം ഇന്ത്യയില്‍ കാണാം. 

സ്‌പാനിഷ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ മുന്‍ ചാമ്പ്യന്‍മാരായ റയൽ മാഡ്രിഡ് ഇന്നിറങ്ങും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന എവേ മത്സരത്തിൽ കാഡിസാണ് എതിരാളികൾ. 10 മത്സരങ്ങൾ ബാക്കി നിൽക്കെ ഒന്നാംസ്ഥാനത്തുള്ള ബാഴ്സയേക്കാൾ 13 പോയിന്‍റ് പിന്നിലാണ് രണ്ടാമത് നില്‍ക്കുന്ന റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടറിന്‍റെ ആദ്യപാദത്തില്‍ ചെൽസിയെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് റയൽ ഇറങ്ങുക. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു റയലിന്‍റെ വിജയം. കരീം ബെൻസേമ, മാർകോ അസെൻസിയോ എന്നിവരാണ് സ്കോര്‍ ചെയ്‌തത്. 

ഫ്രഞ്ച് ലീഗിൽ ജയം തുടരാൻ പിഎസ്‌ജി ഇന്നിറങ്ങും. രണ്ടാം സ്ഥാനത്തുള്ള ലെൻസാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. 8 മത്സരങ്ങൾ ബാക്കി നിൽക്കെ വെറും 6 പോയിന്‍റ് ലീഡ് മാത്രമാണ് പിഎസ്‌ജിക്കുള്ളത്. അതിനാൽ കിരീടം നിലനിർത്താൻ ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. പിഎസ്‌ജി നിരയില്‍ ലിയോണല്‍ മെസി, കിലിയന്‍ എംബാപ്പെ സഖ്യമാണ് ശ്രദ്ധാകേന്ദ്രം. സ്പോര്‍ട്‌സ് 18നിലൂടെയും ജിയോ സിനിമ, വൂട്ട് എന്നിവയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി റയലിന്‍റെയും പിഎസ്‌ജിയുടേയും മത്സരങ്ങള്‍ ഇന്ത്യയില്‍ തല്‍സമയം കാണാം. 

Read more: ചാമ്പ്യൻസ് ലീഗിൽ 90-ാം ഗോള്‍ തികച്ച് ബെൻസേമ; ചെല്‍സിയെ വീഴ്‌ത്തി റയല്‍