കാഠ്‌മണ്ഡു: അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോള്‍ സെമിയില്‍ മാലിദ്വീപിനെതിരെ വമ്പന്‍ ജയവുമായി ഇന്ത്യ ഫൈനലില്‍. കാഠ്‌മണ്ഡു എപിഎഫ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഫ്ലോയ്‌ഡ് പിന്‍റോയുടെ പരിശീലനത്തിലിറങ്ങിയ ഇന്ത്യന്‍ ചുണക്കുട്ടികളുടെ ജയം. 

ജിതേന്ദ്ര സിംഗ് ക്യാപ്റ്റനായ ഇന്ത്യ പൂര്‍ണ മേധാവിത്വത്തോടെയാണ് മത്സരം കൈക്കലാക്കിയത്. ഏഴാം മിനുറ്റില്‍ നരേന്ദര്‍ ഗഹ്‌ലോട്ട് ഇന്ത്യയെ മുന്നിലെത്തിച്ചു. 45-ാം മിനുറ്റില്‍ മുഹമ്മദ് റാഫിയും 79-ാം മിനുറ്റില്‍ മന്‍വീര്‍ സിംഗും 81-ാം മിനുറ്റില്‍ നിന്തോയും ഇന്ത്യയ്‌ക്കായി വലകുലുക്കി. 

ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ 2015ലും ബംഗ്ലാദേശ് 2017ലും റണ്ണേഴ്‌സ് അപ്പായിരുന്നു. ആദ്യ സെമിയില്‍ ഭൂട്ടാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് ബംഗ്ലാദേശ് കലാശപ്പോരിന് യോഗ്യത നേടിയത്. മൂന്നാം സ്ഥാനത്തിനായി ഭൂട്ടാനും മാലിദ്വീപും ഞായറാഴ്‌ച ഏറ്റുമുട്ടും.