ലിവർപൂളിലെ ഉറ്റ സുഹൃത്തുക്കളായ മാനെയും സലായും നേർക്കുനേർ വരുമ്പോൾ ഖത്തറിലേക്ക് ടിക്കറ്റ് ഒരാൾക്ക് മാത്രം
ഡാക്കർ: ആഫ്രിക്കൻ മേഖലയിൽ നിന്ന് ഏതൊക്കെ ടീമുകൾ ഖത്തർ ലോകകപ്പിന് (2022 FIFA World Cup) യോഗ്യത നേടുമെന്ന് ഇന്നറിയാം. മുഹമ്മദ് സലായുടെ (Mohamed Salah) ഈജിപ്തും സാദിയോ മാനെയുടെ (Sadio Mane) സെനഗലും (Senegal vs Egypt) തമ്മിലാണ് പ്രധാന പോരാട്ടം. മറ്റ് മത്സരങ്ങളിൽ നൈജീരിയ ഘാനയെയും (Nigeria vs Ghana) ടുണീഷ്യ മാലിയെയും (Tunisia vs Mali) അൾജീരിയ കാമറൂണിനെയും (Algeria vs Cameroon) മൊറോക്കോ കോംഗോയേയും (Morocco vs DR Congo) നേരിടും.
ഫുട്ബോള്‍ വിരുന്നിന്‍റെ രാത്രി
ആദ്യപാദത്തിൽ സാലിയോ സിസിന്‍റെ പിഴവ് സെനഗലിന്‍റെ ലോകകപ്പ് സ്വപ്നമാണോ താഴെയിട്ടത്. ലിവർപൂളിലെ ഉറ്റ സുഹൃത്തുക്കളായ മാനെയും സലായും നേർക്കുനേർ വരുമ്പോൾ ഖത്തറിലേക്ക് ടിക്കറ്റ് ഒരാൾക്ക് മാത്രമാകും. ആദ്യപാദത്തിലെ ജയത്തിന്‍റെ ആനുകൂല്യവും മുഹമ്മദ് സലാ പരിക്കുമാറി തിരിച്ചെത്തിയതും ഈജിപ്തിന്‍റെ സാധ്യത കൂട്ടുന്നു. ഒരു സമനില മാത്രം മതി പിരമിഡിന്‍റെ നാട്ടുകാർക്ക് ഖത്തറിലെത്താൻ.
2002 ലോകകപ്പിൽ ഫ്രാൻസിനെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ച ഓർമയുണ്ട് സെനഗലിന്. അന്നത്തെ സൂപ്പർതാരം അലിയോ സീസെ പരിശീലകന്‍റെ റോളിൽ സാദിയോ മാനെയ്ക്കും കൂട്ടുകാർക്കും നിർദേശങ്ങളുമായി ഒപ്പമുണ്ട്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇതേ ഈജിപ്തിന്‍റെ സ്വപ്നങ്ങൾ അവസാനിപ്പിച്ച ആത്മവിശ്വാസവും കൂട്ടുണ്ട്. സെനഗലിനെ എളുപ്പം എഴുതിത്തള്ളാനാവില്ല ഈജിപ്‌തിന്. നേർക്കുനേർ പോരിൽ ഈജിപ്‌തിനാണ് മേൽക്കൈ. പരസ്‌പരം പോരടിച്ച 14ൽ ഏഴിലും ജയിച്ചത് ഈജിപ്‌താണ്. രാത്രി 10.30നാണ് ആഫ്രിക്കയിലെ സൂപ്പർ പോരാട്ടം.
യൂറോപ്പിലും കടുകട്ടി
യൂറോപ്പില്‍ ഖത്തിലേക്കുള്ള അവസാന ടിക്കറ്റ് മുറിക്കുന്ന ദിവസമാണിന്ന്. ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമോയെന്ന് ഇന്നറിയാം. പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടേകാലിനാണ് കളി തുടങ്ങുക. റോബർട്ട് ലെവൻഡോവ്സ്‌കിയുടെ പോളണ്ടും ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇന്നിറങ്ങും.
