ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിലേക്ക് ഉറ്റുനോക്കുന്ന പോ‍ർച്ചുഗലിന്‍റെ എതിരാളികൾ അയർലൻഡാണ്. ഗ്രൂപ്പ് എയിൽ 16 പോയിന്‍റുമായി രണ്ടാംസ്ഥാനത്താണ് പോർച്ചുഗൽ.

സാവോ പോളോ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ നിന്ന് യോഗ്യത ഉറപ്പിക്കാന്‍ കൊളംബിയക്കെതിരെ ബ്രസീല്‍(Brazil vs Colombia) നാളെ പുലര്‍ച്ചെ മൈതാനത്തിറങ്ങും. അതേസമയം യൂറോപ്യൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മുൻനിര ടീമുകൾ ഇന്നിറങ്ങും. ജർമനി(Germany vs Liechtenstein), സ്പെയ്ൻ(Greece vs Spain), പോർച്ചുഗൽ(Ireland vs Portugal) എന്നീ ടീമുകള്‍ക്ക് മത്സരമുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിലേക്ക് ഉറ്റുനോക്കുന്ന പോ‍ർച്ചുഗലിന്‍റെ എതിരാളികൾ അയർലൻഡാണ്. ഗ്രൂപ്പ് എയിൽ 16 പോയിന്‍റുമായി രണ്ടാംസ്ഥാനത്താണ് പോർച്ചുഗൽ. പ്രതീക്ഷകൾ അവസാനിച്ച അയർലൻഡിന് റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ഡീഗോ ജോട്ട, ബെർണാർഡോ സിൽവ എന്നിവരുൾപ്പെട്ട പോർച്ചുഗലിനെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. ഒരു പോയിന്‍റിന്‍റെ ലീ‍ഡുള്ള സെർബിയക്കെതിരായ പോർച്ചുഗലിന്‍റെ മത്സരമാവും ഗ്രൂപ്പിൽ നിന്ന് ആര് ഖത്തറിലേക്ക് പറക്കുമെന്ന് നിശ്ചയിക്കുക.

ഗ്രൂപ്പ് എഫിൽ ഒന്നാംസ്ഥാനക്കാരായ സ്വീഡൻ, ജോർജിയയെയും രണ്ടാംസ്ഥാനക്കാരായ സ്പെയ്ൻ, ഗ്രീസിനെയും നേരിടും. ഗ്രീസിനെയും അവസാന മത്സരത്തിൽ സ്വീഡനെയും തോൽപിച്ചാൽ സ്പെയ്‌ന് ഖത്തര്‍ ടിക്കറ്റുറപ്പിക്കാം. രണ്ട് കളിയിൽ നാല് പോയിന്‍റ് നേടിയാൽ സ്വീഡനാവും ഗ്രൂപ്പിൽ നിന്ന് ലോകകപ്പിന് ടിക്കറ്റുറപ്പിക്കുക. എട്ടിൽ ഏഴും ജയിച്ച് 2022ലെ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ആദ്യ ടീമായ ജർമനിയുടെ എതിരാളികൾ ഏഴ് കളിയും തോറ്റ ലീച്ചെൻസ്റ്റൈനാണ്. നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ, മാൾട്ടയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യക്ക് ഇനിയുള്ള രണ്ട് കളിയും നിർണായകമാണ്.

ബ്രസീലും കളത്തിലേക്ക്

ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കാൻ ബ്രസീൽ നാളെയിറങ്ങും. പന്ത്രണ്ടാം റൗണ്ടിൽ കൊളംബിയയാണ് മുൻ ചാമ്പ്യൻമാരുടെ എതിരാളികൾ. ഇന്ത്യൻസമയം നാളെ പുലർച്ചെ ആറിന് ബ്രസീലിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 11 കളിയിൽ പത്തിലും ജയിച്ച് 31 പോയിന്‍റുമായി മേഖലയിൽ ഒന്നാമൻമാരാണ് മുൻ ചാമ്പ്യൻമാർ. യോഗ്യതാ റൗണ്ടിൽ ഒരേയൊരു സമനില കൊളംബിയക്കെതിരെയായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ഇതിന്‍റെ ക്ഷീണം തീർക്കാനാവും നെയ്‌മറും സംഘവും ഇറങ്ങുക.

കൊളംബിയക്കെതിരെ ജയിക്കുകയും അഞ്ചാം സ്ഥാനത്തുള്ള ഉറുഗ്വേ ശനിയാഴ്‌ച അർജന്‍റീനയോട് തോൽക്കുകയും ചെയ്‌താൽ ആറ് മത്സരം ശേഷിക്കേ ലാറ്റിനമേരിക്കയിൽ നിന്ന് ഖത്തറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാവും ബ്രസീൽ. നെയ്‌മർ, റഫീഞ്ഞ, പക്വേറ്റ, ജെസ്യൂസ് എന്നിരെയായിരിക്കും കോച്ച് ടിറ്റെ ഗോൾവേട്ടയ്ക്ക് നിയോഗിക്കുക. കുടീഞ്ഞോയെയും വിനീഷ്യസിനെയും പകരക്കാരായി പരീക്ഷിച്ചേക്കും.

എന്നാല്‍ പരിക്കേറ്റ റഡാമൽ ഫൽകാവോ ഇല്ലാതെയാവും കൊളംബിയ ഇറങ്ങുക. യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമും കുറച്ച് ഗോൾ വഴങ്ങിയ ടീമും ബ്രസീലാണ്. 26 ഗോൾ നേടിയപ്പോൾ വഴങ്ങിയത് നാല് ഗോൾ മാത്രം. 16 ഗോൾ വീതവുമായി കൊളംബിയ വാങ്ങിയതും കൊടുത്തതും ഒപ്പത്തിനൊപ്പം. ഇരു ടീമും 33 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ 24ലും ജയം ബ്രസീലിനൊപ്പമായിരുന്നു. 11 കളികള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ കൊളംബിയ ജയിച്ചത് മൂന്ന് കളിയിൽ മാത്രം