ഫുട്ബോള്‍ ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ പോർച്ചുഗൽ ഇന്ന് തുർക്കിയെ നേരിടും 

പോര്‍ട്ടോ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് (Cristiano Ronaldo) ഇന്ന് ജീവൻമരണ പോരാട്ടം. ഖത്തർ ലോകകപ്പ് (2022 FIFA World Cup) യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ പോർച്ചുഗൽ ഇന്ന് തുർക്കിയെ (Portugal vs Turkey) നേരിടും. തോറ്റാൽ പോർച്ചുഗൽ പുറത്താകും. ജയിച്ചാൽ ഇറ്റലി, നോർത്ത് മാസിഡോണിയ മത്സരവിജയികളെ ഫൈനലിൽ നേരിടാം. പ്രതിരോധ താരങ്ങളായ റൂബൻ ഡിയാസ്, ജാവോ കാൻസെലോ, പെപ്പെ എന്നിവരില്ലാതെയാകും പോർച്ചുഗൽ ഇറങ്ങുക. റെനാറ്റോ സാഞ്ചസും ഇന്ന് കളിക്കില്ല.

രാത്രി ഒന്നേകാലിനാണ് പ്ലേഓഫ് സെമി പോരാട്ടങ്ങൾ. പോർച്ചുഗൽ, ഇറ്റലി എന്നിവരിൽ ഒരു ടീമിന് മാത്രമേ ഖത്തറിലേക്ക് യോഗ്യത നേടാനാകൂ. മറ്റ് മത്സരങ്ങളിൽ സ്വീഡൻ, ചെക്ക് റിപ്പബ്ലിക്കിനെയും വെയ്ൽസ്, ഓസ്ട്രിയയെയും നേരിടും.

ബ്രസീലിനും മത്സരം

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീൽ നാളെ ചിലിയെ നേരിടും. മാരക്കാന സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ചിനാണ് കളി തുടങ്ങുക. നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, ആന്‍റണി എന്നിവരെ മുന്നേറ്റനിരയിൽ പരീക്ഷിക്കാനാണ് കോച്ച് ടിറ്റെയുടെ നീക്കം. ഗോൾ കീപ്പറായി അലിസൺ ബെക്കർ തുടരും. പ്രതിരോധത്തില്‍ ഡാനിലോ, മാർക്വീഞ്ഞോസ്, തിയാഗോ സിൽവ എന്നിവർക്കൊപ്പം ഗീയർമോ അരാനയ്ക്ക് അവസരം കിട്ടിയേക്കും. 

മധ്യനിരയിൽ കാസിമിറോ, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ എന്നിവർക്ക് മാറ്റമുണ്ടാവില്ല. റിച്ചാർലിസൺ, ഫിലിപെ കുടീഞ്ഞോ തുടങ്ങിയവർ പകരക്കാരുടെ നിരയിലുണ്ടാവും. പോയിന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന ബ്രസീൽ നേരത്തേ തന്നെ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു.

IPL 2022 : മുംബൈ ഇന്ത്യന്‍സിന് വേദികളുടെ മുന്‍തൂക്കമോ? പ്രതികരിച്ച് രോഹിത് ശര്‍മ്മ