മത്സരത്തിന്‍റെ ഒൻപതാം മിനിറ്റിൽ തന്നെ ലൂട്ടൺ ടൗൺ സ്ട്രൈക്കർ അലി അൽ-ഹമാദിയിലൂടെ ഇറാഖ് മുന്നിലെത്തി. അമീർ അൽ-അമ്മാരി എടുത്ത കൃത്യതയാർന്ന കോർണറിൽ നിന്നായിരുന്നു ഈ ഗോൾ.

മെക്സിക്കോ സിറ്റി: യുദ്ധത്തിന്‍റെ കനൽവഴികൾ താണ്ടി ഫുട്ബോൾ മൈതാനത്ത് ചരിത്രം കുറിച്ച് ഇറാഖ്. മെക്സിക്കോ സിറ്റിയിൽ നടന്ന ആവേശകരമായ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫ് മത്സരത്തിൽ ബൊളീവിയയെ 2-1 ന് പരാജയപ്പെടുത്തി ഇറാഖ് ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി. 1986-ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിന്‍റെ ഫൈനൽ റൗണ്ടിലെത്തുന്നത്. ഇതോടെ ജൂണില്‍ നടക്കുന്ന ലോകകപ്പിനുള്ള 48 ടീമുകളുടെ അന്തിമപട്ടികയായി.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും യാത്രാ തടസങ്ങളും കാരണം അതീവ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് ഇറാഖ് ടീം ജീവന്‍മരണപ്പോരിനായി മെക്സിക്കോ സിറ്റിയിലെത്തിയത്. ബാഗ്ദാദിൽ നിന്ന് ജോർദാൻ വഴി മൂന്ന് ദിവസം നീണ്ട കഠിനമായ യാത്രയ്ക്കൊടുവിലാണ് ടീം മെക്സിക്കോയിൽ എത്തിയത്. പരിശീലനത്തിന് പോലും മതിയായ സമയം ലഭിക്കാത്തതിനാൽ മത്സരം മാറ്റിവെക്കാൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഗ്രഹാം ആർനോൾഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെല്ലാം മറികടന്നാണ് ഇറാഖ് വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്‍റെ ഒൻപതാം മിനിറ്റിൽ തന്നെ ലൂട്ടൺ ടൗൺ സ്ട്രൈക്കർ അലി അൽ-ഹമാദിയിലൂടെ ഇറാഖ് മുന്നിലെത്തി. അമീർ അൽ-അമ്മാരി എടുത്ത കൃത്യതയാർന്ന കോർണറിൽ നിന്നായിരുന്നു ആദ്യ ഗോൾ. എന്നാല്‍ 38-ാം മിനിറ്റിൽ മോയ്‌സസ് പാനിയാഗ്വയിലൂടെ ബൊളീവിയ സമനില പിടിച്ചു. ഇതോടെ മത്സരം ആവശകരമായി. രണ്ടാം പകുതി തുടങ്ങി എട്ട് മിനിറ്റിനുള്ളിൽ ഇറാഖ് ലീഡ് തിരിച്ചുപിടിച്ചു. പകരക്കാരനായി ഇറങ്ങിയ മാർക്കോ ലോക്-ഫർജിയുടെ ക്രോസിൽ നിന്ന് ക്യാപ്റ്റൻ അയ്‌മെൻ ഹുസൈൻ ഉജ്ജ്വലമായ ഫിനിഷിംഗിലൂടെ ഇറാഖിന്‍റെ വിജയഗോൾ കുറിച്ചു.

Scroll to load tweet…

ഒൻപത് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിൽ ബൊളീവിയൻ മുന്നേറ്റങ്ങളെ കരുത്തുറ്റ പ്രതിരോധത്തിലൂടെ തടഞ്ഞുനിർത്തിയാണ് ഇറാഖ് തങ്ങളുടെ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ലോകകപ്പിൽ ഗ്രൂപ്പ് ഐ-ലാണ് ഇറാഖ് മത്സരിക്കുക. മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസ്, സെനഗൽ, നോർവേ എന്നിവരാണ് ഇറാഖിന്‍റെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ. ഓസ്‌ട്രേലിയൻ പരിശീലകനായ ഗ്രഹാം ആർനോൾഡിന്‍റെ തന്ത്രങ്ങളാണ് ഇറാഖിന് നാലു പതിറ്റാണ്ടിനുശേഷം ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്. 

Scroll to load tweet…

നാലരക്കോടി വരുന്ന ഇറാഖി ജനതയ്ക്ക് വേണ്ടിയുള്ള വിജയമാണിത്. യുദ്ധവും പ്രതിസന്ധികളും കളിക്കാരെ മാനസികമായി തളർത്തിയിരുന്നു. പക്ഷേ അവർ പോരാടി. ഈ ലോകകപ്പിൽ ആരും പ്രതീക്ഷിക്കാത്തത് നമ്മൾ ചെയ്യും. നമുക്ക് ലോകത്തെ ഞെട്ടിക്കണമെന്നായിരുന്നു മത്സരശേഷം വികാരാധീനനായ അര്‍നോൾഡ് പറഞ്ഞത്. നാലു തവണ ലോക ചാമ്പ്യൻമാരായ ഇറ്റലി ബോസ്നിയ ഹെർസഗോവിനയോട് തോറ്റ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക