2026-ലെ ഫൈനലിൽ സ്പെയിനിനെതിരെ 120 മിനിറ്റ് കളിച്ചിട്ടും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരൊറ്റ ഓൺ-ടാർഗെറ്റ് ഷോട്ട് പോലും അർജന്‍റീനൻ മുന്നേറ്റനിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചില്ല.

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ അർജന്‍റീനയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോര്‍ഡ്. കഴിഞ്ഞ 60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ, ഫൈനൽ മത്സരത്തിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത ഏക ടീമെന്ന മോശം റെക്കോർഡ് അർജന്‍റീനയുടെ തലയിലായത്. ഇത് മൂന്നാം തവണയാണ് അർജന്‍റീന ലോകകപ്പ് ഫൈനലിൽ നാണെകെട്ട റെക്കോര്‍ഡ് ആവർത്തിക്കുന്നത്.

2026-ലെ ഫൈനലിൽ സ്പെയിനിനെതിരെ 120 മിനിറ്റ് കളിച്ചിട്ടും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരൊറ്റ ഓൺ-ടാർഗെറ്റ് ഷോട്ട് പോലും അർജന്‍റീനൻ മുന്നേറ്റനിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചില്ല. മെസിയും സംഘവും പൂർണ്ണമായും സ്പാനിഷ് പ്രതിരോധത്തിന് മുന്നിൽ നിഷ്പ്രഭമാകുകയായിരുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ 1966 മുതൽ ഔദ്യോഗികമായി ഡാറ്റകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഫൈനലിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ കഴിയാത്ത സാഹചര്യം മൂന്നാം തവണയാണ് അർജന്‍റീനയ്ക്ക് ഉണ്ടായിട്ടുള്ളത്. 1990ലെ ലോകകപ്പില്‍ പശ്ചിമ ജർമ്മനിക്കെതിരെ അർജന്‍റീന 1-0 ന് തോറ്റ മത്സരത്തിൽ ടീമിന് ഒറ്റ ഓൺ-ടാർഗെറ്റ് ഷോട്ട് പോലും ഉണ്ടായിരുന്നില്ല.

2014 ലോകകപ്പ് ഫൈനലില്‍ ജർമനിക്കെതിരെ മെസിയുടെ അർജന്റീന എക്സ്ട്രാ ടൈമിൽ 1-0 ന് തോറ്റപ്പോഴും ടാർഗെറ്റിലേക്ക് ഷോട്ടുകൾ ഉതിർക്കാൻ അര്‍ജന്‍റീനക്കായില്ല. ഇത്തവണ സ്പെയിനിനെതിരായ ഫൈനലിലും കഥ മാറിയില്ല. കളിയിലുടനീളം ഫൗളുകൾ കൊണ്ട് സ്പാനിഷ് പടയെ തടയാൻ ശ്രമിച്ച അർജന്‍റീന, ആക്രമണത്തിൽ പൂർണ പരാജയമായി. ലോകകപ്പ് ഫൈനലിൽ മറ്റൊരു വമ്പൻ ടീമും ഇത്തരത്തില്‍ എതിരാളികള്‍ക്ക് മുമ്പില്‍ നിരായുധരായി മാറിയിട്ടില്ല.

ഫൈനലിൽ ഗോൾകീപ്പർ എമി മാർട്ടിനസിന്‍റെ അവിശ്വസനീയമായ 11 സേവുകൾ മാത്രമാണ് അർജന്‍റീനയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. മുന്നേറ്റനിരയിൽ ലയണൽ മെസിയും ജൂലിയൻ അൽവാരസുമടങ്ങുന്ന വമ്പൻ സ്രാവുകൾ ഉണ്ടായിട്ടും സ്പാനിഷ് ബോക്സിൽ കാര്യമായ ചലനമുണ്ടാക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല എന്നത് ആരാധകരെയും നിരാശരാക്കി. സ്പെയിൻ 11 ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് ഉതിര്‍ത്തപ്പോള്‍ മത്സരത്തില്‍ ഒരു ഷോട്ടുപോലും അര്‍ജന്‍റീനക്ക് ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല. മത്സരത്തിലാകെ 20 ഷോട്ടുകള്‍ സ്പെയിന്‍ തൊടുത്തപ്പോള്‍ എക്സ്ട്രാ ടൈമില്‍ തൊടുത്ത മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അര്‍ജന്‍റീനയുടെ പേരിലുള്ളത്.

വിജയകരമായ 803 പാസുകളാണ് സ്പെയിന്‍ മത്സരത്തിലാകെ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അര്‍ജന്‍റീനയാകട്ടെ 445 പാസുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. സ്പെയിനിന് 90 ശതമാനം പാസിംഗ് കൃത്യതയുണ്ടായിരുന്നപ്പോള്‍ അര്‍ജന്‍റീനക്കിത് 78 ശതമാനം മാത്രമായിരുന്നു. പന്തടക്കത്തിലും സ്പെയിന്‍ അര്‍ജന്‍റീനയെ ബഹുദൂരം പിന്നിലാക്കിയിരുന്നു. മത്സരത്തില്‍ 68 ശതമാനവും പന്തടക്കം സ്പെയിനായിരുന്നു. അര്‍ജന്‍റീനക്ക് 32 ശതമാനം മാത്രം പന്തടക്കമാണുണ്ടായിരുന്നത്. ഒടുവിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്പെയിൻ അർഹിച്ച കിരീടം നേടി.