ഇന്നു രാത്രി നടക്കുന്ന അയാക്‌സ്- ചെല്‍സി ചാംപ്യന്‍സ് ലീഗ് പോരാട്ടം ആംസ്റ്റര്‍ഡാമില്‍ നടക്കുമ്പോള്‍ ഇറാന്‍ ടെലിവിഷനായി കമന്ററി പറയുന്നത് ഒരു യുവതിയാണ്

ആംസ്റ്റര്‍ഡാം: നാല്‍പത് വര്‍ഷത്തിനുശേഷമായിരുന്നു ആ ചരിത്രസംഭവത്തിന് ഇറാനും ഫുട്‌ബോള്‍ ലോകവും സാക്ഷിയായത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇറാന്റെ കംബോഡിയയ്‌ക്കെതിരായ പോരാട്ടത്തിലുയര്‍ന്ന വളയിട്ട കൈകളുടെ കൈയടി സ്‌റ്റേഡിയത്തിലാകെ മുഴങ്ങി. 

ഇറാനില്‍ 1979ലെ ഇസ്‌ലാമിക് വിപ്ലവത്തെത്തുടര്‍ന്ന് വനിതകള്‍ പൊതുയിടങ്ങളില്‍ എത്തുന്നതുതന്നെ വിരളമായിരുന്നു. കളിസ്ഥലങ്ങളിലോ ഗാലറികളിലോ പെണ്‍കുട്ടികളെ കയറ്റിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ 10-ാം തീയതി വിപ്ലവകരമായ തീരുമാനത്തിലൂടെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വനിതാ ആരാധകര്‍ എത്തി. പ്രശസ്തമായ ആസാദി സ്റ്റേഡിയത്തില്‍ 3500-ലേറെ വനിതാ ആരാധകര്‍ കളികാണാനെത്തിയിരുന്നു. പെണ്‍പട അത് ആഘോഷമാക്കുകയും ചെയ്തു.

ഇപ്പോഴിതാ പുതിയ വിപ്ലവവുമായി മറ്റൊരു സംഭവം. ഇന്നു രാത്രി അയാക്‌സ്- ചെല്‍സി ചാംപ്യന്‍സ് ലീഗ് പോരാട്ടം ആംസ്റ്റര്‍ഡാമില്‍ നടക്കുമ്പോള്‍ ഇറാന്‍ ടെലിവിഷനായി കമന്ററി പറയുന്നത് ഒരു യുവതിയാണ്. പേര്, നഡ്ഷേമാ ജാഫ്രി. ഫുട്‌ബോളില്‍ 'വനിതാ സ്വാതന്ത്ര്യം' ലഭിക്കുന്നതിനു മുമ്പേ കമന്ററി പറഞ്ഞു ശീലമുള്ളയാളല്ല നഡ്‌ഷേമ. എന്നാല്‍, ഫുട്‌ബോളിനോട് അതിയായ കമ്പമുള്ള അവര്‍ ലോകകപ്പ് അടക്കമുള്ള എല്ലാ ടൂര്‍ണമെന്റുകളും കാണും. 

ഇന്നത്തെ രാത്രിയെ താന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അവര്‍ ഇറാന്‍ ടെലിവിഷനോടു പറഞ്ഞു. വലിയ വാര്‍ത്താ പ്രാധാന്യമാണ് ഈ പെണ്‍കമന്ററിക്കും ലഭിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ കാണാന്‍ വനിതകള്‍ എത്തി എന്നതുപോലെതന്നെ ഈ വാര്‍ത്തയും ആരാധകര്‍ കൊണ്ടാടുകയാണ്.