ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ഇന്ന് മത്സരമുണ്ട്. തോല്‍വി അറിയാതെ മുന്നേറുന്ന ലിവര്‍പൂളിന് ന്യൂകാസില്‍ യുനൈറ്റഡാണ് എതിരാളികള്‍. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ വൈകിട്ട് അഞ്ചിനാണ് ലിവര്‍പൂളിന്റെ മത്സരം. 

നാല് കളിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍. വൈകിട്ട് 7.30ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റിയെയും ടോട്ടനം ക്രിസ്റ്റല്‍ പാലസിനെയും ചെല്‍സി, വോള്‍വ്‌സിനേയും നേരിടും. യുണൈറ്റഡിനും ടോട്ടനത്തിനും ഹോം ഗ്രൗണ്ടിലും ചെല്‍സിക്ക് എതിരാളികളുടെ തട്ടകത്തിലുമാണ് മത്സരം. 

രാത്രി പത്തിന് തുടങ്ങുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വിച്ച് സിറ്റിയെ നേരിടും. 10 പോയിന്റുള്ള സിറ്റി ലീഗില്‍ രണ്ടാമതാണ്. അഞ്ച് പോയിന്റ് വീതമുള്ള യുണൈറ്റഡും ടോട്ടനവും എട്ടും ഒന്‍പതും സ്ഥാനങ്ങളിലും ചെല്‍സി പതിനൊന്നും സ്ഥാനത്താണ്.