പദ്ധതി തയാറാക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും കൃത്യമായ സുതാര്യതയോ കൂടിയാലോചനകളോ ഉണ്ടായിട്ടില്ലെന്ന് കോൺകാകാഫ് ചൂണ്ടിക്കാട്ടി.
സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളുടെ വാണിജ്യ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന്‍റെ (ഫിഫ) നീക്കത്തിന് വൻ തിരിച്ചടി. ഫിഫയുടെ ഈ നിർദ്ദേശം വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകാകാഫിന് കീഴിലുള്ള 41 അംഗ രാജ്യങ്ങളും ഐകകണ്ഠേന തള്ളി.അടുത്തിടെ സമാപിച്ച 2026 ലോകകപ്പിന്‍റെ ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഫിഫയ്ക്കെതിരെ കടുത്ത നിലപാടെടുത്തിരിക്കുന്നത്. കോൺകാകാഫ് പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ മുന്നോട്ടുവെച്ച പദ്ധതി തള്ളാൻ തീരുമാനിച്ചത്. ഫിഫയുടെ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.
പദ്ധതി തയാറാക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും കൃത്യമായ സുതാര്യതയോ കൂടിയാലോചനകളോ ഉണ്ടായിട്ടില്ലെന്ന് കോൺകാകാഫ് ചൂണ്ടിക്കാട്ടി. ഭരണസമിതികളിൽ ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ ചുരുങ്ങിയ സമയപരിധി നൽകി തട്ടിക്കൂട്ടിയ തീരുമാനമെടുക്കാൻ ശ്രമിച്ചു. റെക്കോർഡ് ലാഭം നേടിയ ലോകകപ്പിന് ശേഷം എന്തിനാണ് സ്വകാര്യ ഏജൻസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് എന്നും അംഗങ്ങൾ ചോദിച്ചു. ഫിഫയുടെ കൈവശമുള്ള ശതകോടികളുടെ കരുതൽ ധനം ഉപയോഗിച്ച് പ്രാദേശിക ഫുട്ബോൾ വികസനം സാധ്യമാക്കണമെന്ന് കോൺകാകാഫ് ആവശ്യപ്പെട്ടു. ഫുട്ബോളിന്റെ ഭാവിയും അതിന്‍റെ ഏറ്റവും വലിയ സമ്പാദ്യവും എന്നെന്നും ഫുട്ബോൾ കുടുംബത്തിന്‍റെ കൈകളിൽ തന്നെ ഭദ്രമായിരിക്കണം എന്ന് കോൺകാകാഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. യു.എസ് സോക്കർ ഫെഡറേഷനും കോൺകാകാഫിന്‍റെ നിലപാടിന് പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫയുടെ നീക്കം. ഇതിന്‍റെ ചെറിയൊരു ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് നൽകി 4.2 ബില്യൺ ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) സമാഹരിക്കാനായിരുന്നു പദ്ധതി. ഇത് ലോകമെമ്പാടുമുള്ള ഫുട്ബോൾ വികസനത്തിന് വേഗം കൂട്ടുമെന്നായിരുന്നു ഇൻഫാന്‍റിനോയുടെ അവകാശവാദം. എന്നാൽ, ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും രംഗത്തെത്തിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഭാവിയിലെ ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്കരിക്കുമെന്നാണ് യുവേഫയുടെ മുന്നറിയിപ്പ്.
