അർജന്‍റീനിയൻ ഫുട്ബോളിലെ അടുത്ത വണ്ടര്‍ കിഡ് ആയി വിലയിരുത്തപ്പെടുന്ന കിക്കി റാമോസിന്‍റെ ജീവിതം ഒരു അത്ഭുത കഥയാണ്.

ബ്യൂണസ് അയേഴ്‌സ്: അർജന്‍റീനയും ഇക്വഡോറും തമ്മിൽ നടന്ന അണ്ടർ-17 സൗഹൃദ മത്സരം സാക്ഷ്യം വഹിച്ചത് ഫുട്ബോളിലെ അപൂര്‍വ അരങ്ങേറ്റത്തിന്. ഹെയ്തിയിൽ ജനിച്ച സ്റ്റീഫൻ 'കിക്കി' റാമോസ് എന്ന പതിനേഴുകാരൻ മത്സരത്തിൽ അർജന്‍റീനയ്ക്കായി അരങ്ങേറ്റം കുറിച്ചു. 53 വർഷത്തിന് ശേഷം ആദ്യമായാണ് അർജന്‍റീനിയൻ വംശജനല്ലാത്ത ഒരു താരം രാജ്യത്തിന്‍റെ ദേശീയ ടീമിൽ കളിക്കുന്നത്. മത്സരത്തിൽ അർജന്‍റീന 2-1ന് വിജയിച്ചു.

അർജന്‍റീനിയൻ ഫുട്ബോളിലെ അടുത്ത വണ്ടര്‍ കിഡ് ആയി വിലയിരുത്തപ്പെടുന്ന കിക്കി റാമോസിന്‍റെ ജീവിതം ഒരു അത്ഭുത കഥയാണ്. 2009 ഏപ്രിൽ 3-ന് ഹെയ്തിയിൽ ജനിച്ച കിക്കി, 2010-ൽ മൂന്ന് ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത മഹാഭൂകമ്പത്തെ അതിജീവിച്ച അപൂർവ്വം കുഞ്ഞുങ്ങളിൽ ഒരാളാണ്. ദുരന്തത്തിന് ശേഷം വെറും ഒൻപത് മാസം പ്രായമുള്ളപ്പോൾ ഒരു അർജന്‍റീനിയൻ ദമ്പതികൾ കിക്കിയെ ദത്തെടുക്കുകയായിരുന്നു. തുടർന്ന് അർജന്‍റീനയിൽ വളർന്ന കിക്കിയുടെ ജീവിതം ഫുട്ബോളിലേക്ക് തിരിഞ്ഞു. അർജന്‍റീനിയൻ ക്ലബ്ബായ വേലെസ് സാർസ്ഫീൽഡിന്‍റെ അക്കാദമിയിലൂടെയാണ് കിക്കി റാമോസ് വളർന്നത്. മൈതാനത്തെ അസാധ്യമായ ശാരീരികക്ഷമതയും പ്രതിരോധ നിരക്കാരെ ഡ്രിബിള്‍ ചെയ്ത് ഗോളടിക്കാനുള്ള മികവുമാണ് കൗമാരതാരത്തെ ശ്രദ്ധേയനാക്കിയത്. അർജന്‍റീന അണ്ടർ-17 ടീം പരിശീലകനും മുൻ അന്താരാഷ്ട്ര താരവുമായ ഡീഗോ പ്ലാസന്‍റെ കിക്കിയുടെ മികവ് തിരിച്ചറിഞ്ഞ് ദേശീയ ടീമിലേക്ക് വിളിക്കുകയായിരുന്നു.

Scroll to load tweet…

വരുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കുന്ന 2026 അണ്ടർ-17 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് അർജന്‍റീന. ഓസ്‌ട്രേലിയ, ഡെന്മാർക്ക്, മൊസാംബിക്ക് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ടീം കളിക്കക. 2026 ഖത്തർ അണ്ടർ-17 ലോകകപ്പിനുള്ള അന്തിമ ടീമിൽ ഇടംനേടുകയാണെങ്കിൽ, 53 വർഷത്തിന് ശേഷം അര്‍ജന്‍റീനക്കായി ലോകകപ്പില്‍ കളിക്കുന്ന ആദ്യ അര്‍ജന്‍റീനിയന്‍ വംശജനല്ലാത്ത താരമെന്ന റെക്കോര്‍‍ഡും കിക്കി റാമോസിന് സ്വന്തമാവും. 1973-ൽ അര്‍ജന്‍റീനക്കായി കളിച്ച പരാഗ്വെയൻ താരം ഹെറിബെർട്ടോ കൊറിയയാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. വേലെസ് സാർസ്ഫീൽഡ് ക്ലബ്ബിൽ കളിച്ചുകൊണ്ടാണ് കൊറിയയും അന്ന് ദേശീയ ടീമിലെത്തിയത് എന്ന മറ്റൊരു കൗതുകവുമുണ്ട്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക