ബാഴ്സലോണ: പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍താരം ലിയോണല്‍ മെസ്സി കളിക്കളത്തിന് പുറത്താണെങ്കിലും ആരാധകര്‍ക്ക് കളിവിരുന്നൊരുക്കി ബാഴ്സയുടെ ഇരുപതുകാരന്‍. മെസ്സിയുടെ ഡ്രിബ്ലിംഗ് മികവിനെ അനുസ്മരിപ്പിച്ച് ബാഴ്സയുടെ ബി ടീമിനായി അത്ഭുത ഗോളടിച്ചാണ് അലക്സ് കൊളാഡോ ആരാധകരുടെ മനം കവര്‍ന്നത്.

അത്‌ലറ്റിക്കോ ലെവാന്റെക്കെതിരെ ആയിരുന്നു സ്പെയിനിന്റെ ഭാവി വാഗ്ദാനമായ കൊളാഡോയുടെ അത്ഭുത ഗോള്‍. മൂന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ബാക് ഹീലിലൂടെ കൊളാഡോ നേടിയ ഗോളിന് മെസ്സി ടച്ചുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ ബാഴ്സ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചു. ആബേല്‍ റൂയിസാണ് ബാഴ്സയുടെ ആദ്യ ഗോള്‍ നേടിയത്.

പരിക്കിനെത്തുടര്‍ന്ന് ബാഴ്സക്കായി ഈ സീസണില്‍ മുഴുവന്‍സമയവും കളത്തിലിറങ്ങാന്‍ ലിയോണല്‍ മെസ്സിക്കായിട്ടില്ല. സീസണില്‍ ചാമ്പ്യന്‍സ്  ലീഗിലും മെസ്സിക്ക് കാര്യമായ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിട്ടില്ല. മെസ്സിയുടെ അഭാവത്തില്‍ സ്പാനിഷ് ലീഗില്‍ തപ്പിത്തടയുന്ന ബാഴ്സ കഴിഞ്ഞ മത്സരത്തില്‍ ഗെറ്റാഫെയെ കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.