ഷമീറിന്‍റെ പ്രവചനം പോലെ മത്സരത്തില്‍ ജര്‍മനി 2-1ന് തോല്‍ക്കുയും ചെയ്തു. ഇന്നലെ ഇതേ ഫേസ്ബുക്ക് ഗ്രൂപ്പില്‍  മധു മണക്കാട്ടില്‍ എന്ന ആരാധകര്‍ അര്‍ജന്‍റീന-സൗദി അറേബ്യ മത്സരത്തിന്‍റെ ഫലവും സ്കോര്‍ നിലയും കൃത്യമായി പ്രവചിച്ച് താരമായിരുന്നു.

തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ വമ്പന്‍ അട്ടിമറിയില്‍ ജപ്പാന്‍ ജര്‍മനിയെ മുട്ടുകുത്തിച്ചപ്പോള്‍ മത്സരഫലവും സ്കോര്‍ നിലയും കൃത്യമായി പ്രവചിച്ച് ഒരു മലയാളി. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ മുഹമ്മദ് ഷമീര്‍ എന്ന യുവാവാണ് ജപ്പാന്‍-ജര്‍മനി മത്സരഫലവും സ്കോര്‍ നിലയും കൃത്യമായി പ്രവചിച്ചത്. ലോകകപ്പിലെ രണ്ടാമത്തെ അട്ടിമറി കാണാന്‍ ഒരുങ്ങിക്കോളു, ജപ്പാന്‍-2, ജര്‍മനി 1 എന്നാണ് ഷമീര്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ മത്സരത്തിന് തൊട്ടു മുമ്പ് പ്രവചിച്ചത്.

ഷമീറിന്‍റെ പ്രവചനം പോലെ മത്സരത്തില്‍ ജര്‍മനി 2-1ന് തോല്‍ക്കുയും ചെയ്തു. ഇന്നലെ ഇതേ ഫേസ്ബുക്ക് ഗ്രൂപ്പില്‍ മധു മണക്കാട്ടില്‍ എന്ന ആരാധകര്‍ അര്‍ജന്‍റീന-സൗദി അറേബ്യ മത്സരത്തിന്‍റെ ഫലവും സ്കോര്‍ നിലയും കൃത്യമായി പ്രവചിച്ച് താരമായിരുന്നു.

ഗ്രൂപ്പ് ഇയില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്‍റെ ലീഡില്‍ മുന്നിട്ടു നിന്ന ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജപ്പാന്‍ അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി.കളി മെനയാന്‍ കിമ്മിഷും ഗുണ്ടോഗനുമുണ്ടായിട്ടും തുടക്കത്തില്‍ ആക്രമണത്തില്‍ ചടുലത കാണിക്കാതിരുന്ന ജര്‍മന്‍ ടീം ആദ്യ ഗോള്‍ അടിച്ചതോടെയാണ് ഉണര്‍ന്നുകളിച്ചത്. 31-ാം മിനുറ്റില്‍ പന്ത് പിടിക്കാന്‍ മുന്നോട്ടിറങ്ങിയ ജപ്പാന്‍ ഗോളി ഗോണ്ട, റാവുമിനെ ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു.

വാര്‍ തീരുമാനത്തിനൊടുവില്‍ പെനാല്‍റ്റി കിക്കെടുത്ത പരിചയസമ്പന്നന്‍ ഗുണ്ടോഗന്‍ അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ജര്‍മനിയെ രണ്ടാംപകുതിയില്‍ 75-ാം മിനുറ്റില്‍ റിട്‌സുവും 83-ാം മിനുറ്റില്‍ അസാനോയും നേടിയ ഗോളുകള്‍ ജര്‍മന്‍ ആരാധകരെ ഞെട്ടിച്ച് വിജയം ജപ്പാന്‍റേതാക്കി മാറ്റി. 70-ാം മിനുറ്റില്‍ ജര്‍മനിയുടെ നാല് തുടര്‍ ഷോട്ടുകള്‍ തടുത്ത് ജപ്പാന്‍ ഗോളി കയ്യടിവാങ്ങി.