ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് ജയം. ലെവാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകല്‍ക്കാണ് ബാഴ്‌സലോണ മറികടന്നത്. യുവതാരം അന്‍സു ഫാറ്റിയാണ് ബാഴ്‌സലോണയുടെ രണ്ട് ഗോളുകളും നേടിയത്. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയായിരുന്നു രണ്ട് ഗോളുകള്‍ക്കും പിന്നില്‍. റൂബന്‍ റോച്ചിനയുടെ വകയായിരുന്നു ലെവാന്റെയുടെ ഏകഗോള്‍. ജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള ദൂരം മൂന്ന് പോയിന്റായി കുറച്ചു. 22 മത്സരങ്ങളില്‍ 46 പോയിന്റാണ് ബാഴ്‌സയ്ക്ക്. റയലിന് 49 പോയിന്റുണ്ട്. 

30 മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. മധ്യവരയ്ക്ക് പിറകില്‍ നിന്ന് മെസി നല്‍കിയ തകര്‍പ്പന്‍ പാസാണ് ഗോളില്‍ അവസാനിച്ചത്. ഗോളിനേക്കാള്‍ ഭംഗി മെസി നല്‍കിയ പാസിനുണ്ടായിരുന്നു. 31ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണയും ലീഡ് സമ്മാനിച്ചത് മെസി- ഫാറ്റി കൂട്ടുകെട്ടി. ബോക്‌സിന് പുറത്ത് നിന്ന് പന്തുമായി വന്ന മെസി പന്ത് ഫാാറ്റിക്ക് കൈമാറി. യുവതാരത്തിന്റെ ഇടങ്കാലന്‍ ഷോട്ട് ലെവാന്റെ ഗോള്‍ കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ ഗോള്‍വര കടന്നു. ലാ ലീഗയിലെ ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പതിനേഴുകാരനായ അന്‍സു ഫാറ്റി സ്വന്തമാക്കി. ഫാറ്റിയുടെ ഗോളുകള്‍ കാണാം.

ഇഞ്ചുറി സമയത്ത് റോച്ചിനയിലൂടെ ലെവാന്റെ ഒരു ഗോള്‍ തിരിച്ചടിച്ചു. ലീഗില്‍ 13ാം സ്ഥാനത്താണ് ലെവാന്റെ. 22 മത്സരങ്ങളില്‍ 26 പോയിന്റാണ് അവര്‍ക്കുള്ളത്.