കൊച്ചി സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചതായി സ്പോൺസർ അവകാശപ്പെടുമ്പോൾ, ജിസിഡിഎ കൃത്യമായ കണക്കുകൾ പുറത്തുവിടുന്നില്ല. 

കൊച്ചി: മെസിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിളള. സ്റ്റേഡിയം നവീകരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനായി ചെലവിട്ട തുകയെത്രയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ചെയര്‍മാന്‍നല്‍കുന്ന സൂചന. അവശേഷിക്കുന്ന പണികള്‍ ജിസിഡിഎ സ്വന്തം നിലയ്ക്കായാലും പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ചന്ദ്രന്‍പിളള നവീകരണം ഏറ്റെടുത്ത സ്‌പോണ്‍സറെ പൂര്‍ണമായും ന്യായീകരിക്കുകയാണ്.

മെസി വരുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം റെഡിയായെന്നാണ് ജിസിഡിഎ ചെയര്‍മാന്റെ പക്ഷം. സ്റ്റേഡിയത്തിലെ ടര്‍ഫും സീറ്റുകളും പുതുക്കിയതും കമാനം സ്ഥാപിച്ചതും ചുറ്റുമതില്‍ പണിതതുമടക്കം ഭൂരിഭാഗം നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ചെയര്‍മാന്‍ അവകാശപ്പെടുന്നു. 70 കോടിയിലേറെ ചെലവിട്ടാണ് സ്റ്റേഡിയം നവീകരിച്ചതെന്ന് സ്‌പോണ്‍സര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

വിശദമായ വിലയിരുത്തല്‍ നടത്തിയ ശേഷം കണക്കുകള്‍ പുറത്തുവിടുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറയുന്നുണ്ടെങ്കിലും അതിനും കൃത്യമായൊരു സമയപരിധി പറയാന്‍ ജിസിഡിഎ ചെയര്‍മാന്‍ തയാറായിട്ടില്ല. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ ഈമെയില്‍ അയച്ചെന്നാണ് നവംബര്‍ മൂന്നിന് മലപ്പുറത്ത് കായികവകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞത്. എന്നാല്‍, മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം.

ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയില്‍ ദോഹ വേദിയായ ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിലാണ് അര്‍ജന്റീന ടീമിന്റെ പങ്കാളിത്തം സംഘാടകര്‍ പ്രഖ്യാപിച്ചത്. ആരാധകര്‍ കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തില്‍ മാര്‍ച്ച് 27ന് അര്‍ജന്റീന യൂറോപ്യന്‍ ചാംപ്യന്മാരായ സ്പെയിനിനെ നേരിടും. 31ാം തീയതി ആതിഥേയരായ ഖത്തറുമായി ആണ് രണ്ടാം മത്സരം. 2022ല്‍ അര്‍ജന്റീന വിശ്വകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍.

YouTube video player