Asianet News MalayalamAsianet News Malayalam

ലോകകപ്പ് യോഗ്യത: പരാഗ്വേക്കെതിരെ ജയിച്ചു കയറി അർജന്‍റീന, മെസിക്ക് നിര്‍ഭാഗ്യം; വെനസ്വലേക്കെതിര ബ്രസീലിന് നിരാശ

 മെസിയുടെ ഇന്‍സ്വിംഗിഗ് കോര്‍ണര്‍ കിക്കും ബോക്സിനു പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കും പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ അര്‍ജന്‍റീന കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും ജയിച്ചേനെ.

Argentina beat Paraguay 1-0 in World Cup qualifiers maintains winning streak Brazil vs Venezuela Live gkc
Author
First Published Oct 13, 2023, 8:22 AM IST

മോണ്ടിവിഡിയോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയ്ക്കെതിരെ അര്‍ജന്‍റീനക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന പരാഗ്വേയെ വീഴ്ത്തിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ നിക്കൊളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്‍റീനയുടെ വിജയഗോള്‍ നേടിയത്. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

അദ്യ പകുതിയില്‍ നായകന്‍ ലിയോണല്‍ മെസിയെ ബെഞ്ചിലിരുത്തിയാണ് അര്‍ജന്‍റീന ഇറങ്ങിയത്. രണ്ടാം പകുതിയില്‍ മെസി അര്‍ജന്‍റീന കുപ്പായത്തില്‍ ഗ്രൗണ്ടിലിറങ്ങി. മെസിയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് അര്‍ജന്‍റീനയുടെ നിര്‍ഭാഗ്യമായി. മെസിയുടെ അഭാവത്തില്‍ ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരെസും ലൗതാരോ മാര്‍ട്ടിനെസുമാണ് അര്‍ജന്‍റീനയുടെ ആക്രമണങ്ങള്‍ നയിച്ചത്.

മൂന്നാം മിനിറ്റില്‍ റോഡ്രിഗോ ഡീ പോള്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഒട്ടമെന്‍ഡിയുടെ വിജയഗോള്‍. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ലീഡുയര്‍ത്താര്‍ അര്‍ജന്‍റീനക്ക് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. ഡിപോളിന്‍റെ ഷോട്ട് പക്ഷെ പോസ്റ്റില്‍ തട്ടി മടങ്ങി. 53-ാം മിനിറ്റില്‍ അല്‍വരെസിന്‍റെ പകരക്കാരനായാണ് മെസി ഗ്രൗണ്ടിലിറങ്ങിയത്. മെസിയുടെ ഇന്‍സ്വിംഗിഗ് കോര്‍ണര്‍ കിക്കും ബോക്സിനു പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കും പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ അര്‍ജന്‍റീന കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും ജയിച്ചേനെ.

സുരക്ഷ ഒരുക്കിയതിന് നല്‍കാനുള്ളത് ഒരു കോടിയിലധികം രൂപ, കേരള ബ്ലാസ്റ്റേഴ്സിന് കത്തയച്ച് പൊലീസ് മേധാവി

ബ്രസീലിന് നിരാശ

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വെനസ്വേലക്കെതിരെ ബ്രസീല്‍ സമനില വഴങ്ങി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച ഗബ്രിയേലാണ് ബ്രസീലിന് ലീഡ് സമ്മാനിച്ചത്. ഒരു ഗോള്‍ ജയവുമായി ബ്രസീല്‍ ഗ്രൗണ്ട് വിടുമെന്ന് കരുതിയിരിക്കെ 85-ാം മിനിറ്റില്‍ എഡ്വേര്‍ഡ് ബെല്ലോ റിവേഴ്സ് ബൈസിക്കിള്‍ കിക്കിലൂടെ വെനസ്വേലക്ക് സമനില സമ്മാനിച്ചു. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയന്‍റുള്ള അര്‍ജന്‍റീന ഒന്നാമതും ഏഴ് പോയന്‍റുള്ള ബ്രസീല്ഡ രണ്ടാമതുമാണ്. അഞ്ച് പോയന്‍റുള്ള കൊളംബിയ ആണ് മൂന്നാം സ്ഥാനത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios