ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം പണം കൈപ്പറ്റിയ ശേഷം കേരളത്തില്‍ കളിക്കാമെന്ന വാഗ്ദാനം ലംഘിച്ച് വഞ്ചിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ ആരോപിച്ചു. 

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനും അസോസിയേഷനുമെതിരെ ആരോപണങ്ങളുമായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍. പണം കൈപ്പറ്റിയ ശേഷം നല്‍കിയ ഉറപ്പ് പാലിക്കാതെ അര്‍ജന്റീന ടീം കേരളത്തെ ചതിച്ചു എന്നാണ് മന്ത്രി ആരോപിക്കുന്നത്. വ്യാഴാഴ്ച ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ലോക ചാമ്പ്യന്മാരെ കേരളത്തിലേക്ക് എത്തിക്കുക എന്നത് വലിയൊരു സ്വപ്ന പദ്ധതിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ''അര്‍ജന്റീന ടീമും ലയണല്‍ മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇത്രയും വലിയൊരു ടീമിനെ എത്തിക്കാന്‍ ആവശ്യമായ 250 കോടി രൂപ സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ സാമ്പത്തിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി പണം നല്‍കിയിട്ടും അവര്‍ വാഗ്ദാനം പാലിച്ചില്ല.'' മന്ത്രി ആരോപിച്ചു. ഇത്തരമൊരു വഞ്ചന അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങളിലും സമാന അനുഭവം

കേരളത്തിന് മാത്രമല്ല, മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മന്ത്രി അവകാശപ്പെട്ടു. അവര്‍ പണം വാങ്ങിയെങ്കിലും അവിടെയൊന്നും കളിക്കാന്‍ പോയില്ല. ഈ സാഹചര്യത്തില്‍ അര്‍ജന്റീന ടീമിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026 മാര്‍ച്ചില്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് കഴിഞ്ഞ നവംബറില്‍ മന്ത്രി പ്രഖ്യാപിച്ചത് വലിയ ആവേശമാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്നത്.

എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ ആ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുകയാണ്. കേരളത്തെ ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ കേന്ദ്രമായി മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായത്. ഇന്ത്യയില്‍ മുന്‍പ് നടന്ന മെസിയുടെ പ്രദര്‍ശന മത്സരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഈ അവസരത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. കൊല്‍ക്കത്തയിലടക്കം നടന്ന പരിപാടികള്‍ സംഘാടന പിഴവുകള്‍ മൂലം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അന്ന് ആരാധകര്‍ക്കുണ്ടായ നിരാശയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലും ഉടലെടുത്തിരിക്കുന്നത്.

YouTube video player