Asianet News MalayalamAsianet News Malayalam

ഒരു ചെറിയ ആശങ്ക പോലുമില്ല; ആരാധകര്‍ക്ക് ആശ്വസിക്കാം, ഫുള്‍ സ്ക്വാ‍ഡുമായി പരിശീലനം തുടങ്ങി അര്‍ജന്‍റീന

സ്കലോണിയുടെ ടാക്റ്റിക്സില്‍ സുപ്രധാന ഭാഗം നിര്‍വഹിക്കുന്ന താരമാണ് അക്യൂന. എന്നാല്‍, ക്രൊയേഷ്യക്കെതിരെ മികച്ച പ്രകടനമാണ് പകരമെത്തിയ ടാഗ്ലിയാഫിക്കോ പുറത്തെടുത്തത്. ക്രൊയേഷ്യന്‍ ആക്രമണങ്ങളെ ചെറുത്ത് താരം നടത്തിയ പല ടാക്കിളുകളും വളരെ നിര്‍ണായകമായി.

argentina team started practice for world cup final
Author
First Published Dec 15, 2022, 11:04 PM IST

ദോഹ: ലോകകപ്പ് ഫൈനലിനുള്ള അര്‍ജന്‍റീനയുടെ പരിശീലനത്തിന് തുടക്കം. ഇന്ന് തുറന്ന സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. നാളെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ടീം പരിശീലിക്കും. ചൊവ്വാഴ്ത്തെ സെമി ഫൈനൽ വിജയത്തിന് ശേഷം ഇന്നലെ അര്‍ജന്‍റീന താരങ്ങള്‍ക്ക് പരിശീലകന്‍ സ്കലോണി വിശ്രമം അനുവദിച്ചിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ഇഷ്ടഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ താരങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സസ്പെന്‍ഷന്‍ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാല്‍ ഫൈനലിലെ ആദ്യ ഇലവനില്‍ മാറ്റം വന്നേക്കും.

സ്കലോണിയുടെ ടാക്റ്റിക്സില്‍ സുപ്രധാന ഭാഗം നിര്‍വഹിക്കുന്ന താരമാണ് അക്യൂന. എന്നാല്‍, ക്രൊയേഷ്യക്കെതിരെ മികച്ച പ്രകടനമാണ് പകരമെത്തിയ ടാഗ്ലിയാഫിക്കോ പുറത്തെടുത്തത്. ക്രൊയേഷ്യന്‍ ആക്രമണങ്ങളെ ചെറുത്ത് താരം നടത്തിയ പല ടാക്കിളുകളും വളരെ നിര്‍ണായകമായി. ഫൈനലില്‍ അര്‍ജന്‍റീന തങ്ങളുടെ ഹോം ജേഴ്സിയിട്ടാണ് കളിക്കാന്‍ ഇറങ്ങുക. ഏയ്ഞ്ചല്‍ ഡി മരിയയുടെ കൂടെ പരിക്ക് ഭേദമായതോടെ അര്‍ജന്‍റീനയുടെ എല്ലാ താരങ്ങളും അവസാന അങ്കത്തിന് തയാറാണ്. അതുകൊണ്ട് തന്നെ ഫ്രാന്‍സിനെ പൂട്ടാന്‍ ഏത് തന്ത്രം പ്രയോഗിക്കണമെന്ന് സ്കലോണി തീരുമാനിച്ചാല്‍ മാത്രം മതിയാകും.

ഫോം കണ്ടെത്താന്‍ സാധിക്കാതെ ലൗട്ടാരോ മാര്‍ട്ടിനസ് ബുദ്ധിമുട്ടിയപ്പോള്‍ പകരമെത്തിയ ജൂലിയന്‍ അല്‍വാരസ് ആ വിടവ് നികത്തിയത് ചെറിയ ആശ്വാസം ഒന്നുമല്ല ടീമിന് നല്‍കുന്നത്. മരിയയുടെ അഭാവത്തില്‍ മെസിക്കൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ അൽവാരസിന് സാധിച്ചിരുന്നു. ക്രൊയേഷ്യക്കെതിരെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അല്‍വാരസ് പുറത്തെടുത്തത്. അല്‍വാരസിന്‍റെ ഓഫ് സൈഡ് കെണി പൊളിച്ചുള്ള ഓട്ടമാണ് പെനാല്‍റ്റിക്ക് വഴിവെച്ചത്. ഒപ്പം സോളോ റണ്ണില്‍ ഗോള്‍ നേടി ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളുടെ നിരയുടെ മുന്‍പന്തിയിലേക്കാണ് അല്‍വാരസ് കാലെടുത്ത് വച്ചത്. 2014ന് ശേഷം ആദ്യ ലോകകപ്പ് ഫൈനലാണ് അര്‍ജന്‍റീന കളിക്കുന്നത്. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല.

അന്ന് 'വെയര്‍ ഈ മെസി'യെന്ന് ചോദിച്ചു; ഇന്ന് ഉറക്കെ ഉറക്കെ വാമോസ് അര്‍ജന്‍റീന മുഴക്കുന്നു, മെസി മാജിക്ക്

Follow Us:
Download App:
  • android
  • ios