ബ്യൂണസ് അയേഴ്സ്: ആരാധകര്‍ക്ക് ആവേശം പകരാന്‍ അര്‍ജന്റീനയും ബ്രസീലും അടുത്തമാസം നേര്‍ക്കുനേര്‍വരുന്നു. സൗഹൃദ മത്സരത്തില്‍ അടുത്ത മാസം 15ന് അര്‍ജന്റീന ബ്രസീലിനെ നേരിടും. സൗദി അറേബ്യയിലാണ് മത്സരം. നാലു ദിവസത്തിനുശേഷം ഇസ്രയേലില്‍വെച്ച് അര്‍ജന്റീന യുറുഗ്വേയെയും നേരിടും.

ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സി അര്‍ജന്റീന ടീമില്‍ ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിലെ റഫറീയിംഗിനെ വിമര്‍ശിച്ചതിന് മെസ്സിക്ക് ഏര്‍പ്പെടുത്തി വിലക്കിന്റെ കാലാവദി തീര്‍ന്നതിനാല്‍ മെസ്സിയെ ടീമിലെടുക്കുന്നതിന് തടസമില്ല. ലോകകപ്പ് ഫുട്ബോളിനുശേഷം അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളിലൊന്നും മെസ്സി കളിച്ചിരുന്നില്ല.

മാര്‍ച്ചില്‍ ആരംഭിക്കുന്ന അര്‍ജന്റീനയുടോ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് മുമ്പ് ടീമിന്റെ കരുത്ത് പരീക്ഷിക്കാന്‍ കോച്ച് ലിയോണല്‍ സ്കൊളാനിക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ബ്രസീലിനും യുറുഗ്വേയ്ക്കും എതിരായ സൗഹൃദ മത്സരങ്ങള്‍.

ഈ മാസമാദ്യം നടന്ന സൗഹൃദ മത്സരങ്ങളില്‍ ഇക്വഡോറിനെ 6-1ന് തകര്‍ത്ത അര്‍ജന്റീന ജര്‍മനിയോട് രണ്ടു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചരുന്നു. ഈ രണ്ട് മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല.