20 ാം മിനിട്ടില്‍ ലുക്കാസ് അലാരിയോ തുടങ്ങിവച്ച ഗോള്‍വേട്ട 86 ാം മിനിട്ടില്‍ ലുക്കാസ് ഒക്കാമ്പോസാണ് അവസാനിപ്പിച്ചത്

രാജ്യാന്തര ഫുട്ബോളിൽ ഇടിമുഴക്കം തീര്‍ത്ത് അര്‍ജന്‍റീനയുടെ പുതു നിര. സൂപ്പര്‍താരം ലിയോണല്‍ മെസിയില്ലാതെ കളിക്കാനിറങ്ങിയ അര്‍ജന്‍റീന കരുത്തരായ ഇക്വഡോറിനെതിരെ ആറ് ഗോള്‍ നേടി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു നീലപ്പടയുടെ വിജയം. മത്സരത്തിലുടനീളം അര്‍ജന്‍റീന പുലര്‍ത്തിയ ആധിപത്യം ആരാധകരെ ആവേശത്തിലാക്കുന്നതാണ്.

20 ാം മിനിട്ടില്‍ ലുക്കാസ് അലാരിയോ തുടങ്ങിവച്ച ഗോള്‍വേട്ട 86 ാം മിനിട്ടില്‍ ലുക്കാസ് ഒക്കാമ്പോസാണ് അവസാനിപ്പിച്ചത്. ഇതിനിടെ 27ാം മിനിട്ടില്‍ ഇക്വഡോറിന്‍റെ ജോണ്‍ ജെയ്റോയും സെല്‍ഫ് ഗോളും നീലപ്പടയ്ക്ക് തുണയായി. 32ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ പാരെഡെസും 66ാം മിനിട്ടില്‍ ജെര്‍മൈനും 82ാം മിനിട്ടില്‍ നിക്കോളാസ് ഡോമിന്‍ഗ്വുസും ഇക്വഡോറിന്‍റെ വലകുലുക്കിയിരുന്നു. 

60 ശതമാനം ബോള്‍ പൊസഷനും 468 പാസുകളിലെ 86 ശതമാനം കൃത്യതയും അര്‍ജന്‍റീനന്‍ ആരാധകരെ ആഹ്ളാദിപ്പിക്കുന്നതാണ്. ജര്‍മ്മനിയ്ക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷം ഗോളുകള്‍ മടക്കി അര്‍ജന്‍റീന സമനില പിടിച്ചെടുത്തിരുന്നു.

അര്‍ജന്‍റീന ജയിച്ചപ്പോള്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിന് വീണ്ടും സമനിലക്കുരുക്ക്. നൈജീരിയയാണ് സൗഹൃദമത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ചത്. കോപ്പ അമേരിക്കയ്ക്ക് ശേഷം ബ്രസീലിന് വിജയവഴിയിൽ എത്താനായിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുന്നതാണ്. നൈജീരിയക്കെതിരെ റയൽ മാഡ്രിഡ് താരം കാസിമിറോയുടെ ഗോളിലൂടെ മഞ്ഞപ്പട തോൽവി ഒഴിവാക്കുകയായിരുന്നു.

ജോ അരിബോയിലൂടെ മുപ്പത്തിയഞ്ചാം മിനിറ്റിലാണ് നൈജീരിയ മുന്നിലെത്തിയത്. പന്ത്രണ്ടാം മിനിറ്റിൽ നെയ്മർ പരുക്കേറ്റ് മടങ്ങിയത് ബ്രസീലിന് തിരിച്ചടിയായി. സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ എഴുപത് ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ടിറ്റെയുടെ താരങ്ങൾക്ക് വിജയഗോൾ നേടാനായില്ല. കോപ്പ അമേരിക്ക വിജയത്തിന് ശേഷം പെറുവിനോട് തോറ്റ ബ്രസീൽ ബാക്കിയുള്ള മൂന്ന് കളിയിലും സമനില വഴങ്ങി. അടുത്തമാസം പതിനഞ്ചിന് അർജന്‍റീനയ്ക്ക് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.