കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഴ്‌സണല്‍ പുതിയ സീസണിന് ഇറങ്ങുന്നത്. ബ്രൂണോ ഗ്വിമെറെസ് അടക്കം നാല് പ്രധാന താരങ്ങളെ ടീമിലെത്തിച്ച് മധ്യനിരയും പ്രതിരോധവും ശക്തിപ്പെടുത്തി.

ലണ്ടന്‍: കിരീടം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയുമായാണ് ആഴ്‌സണല്‍ ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നത്. ശനിയാഴ്ച കവന്‍ട്രിക്ക് എതിരെയാണ് ആഴ്‌സണലിന്റെ ആദ്യമത്സരം. 22 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് കഴിഞ്ഞ സീസണില്‍ ആഴ്‌സണല്‍ കിരീടം തൂക്കിയത്. മികേല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ ഇക്കുറി പ്രീമിയര്‍ ലീഗിലേക്ക് ബൂട്ടുകെട്ടി ഇറങ്ങുന്നത് ഈ കിരീടം നിലനിര്‍ത്തുകയെന്ന വെല്ലുവിളി മറികടക്കാന്‍. ഒപ്പം കൈയെത്തും ദൂരേ നഷ്ടമായ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കണം.

എല്ലാ കണ്ണുകളും ഇത്തവണയും കോച്ച് മികേല്‍ അര്‍ട്ടേറ്റയിലേക്ക് തന്നെയാണ്. വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ നേടിയെടുത്ത സ്ഥിരതയും വിശ്വാസ്യതാണ് അര്‍ട്ടേറ്റയുടെ മൂലധനം. ഇതുകൊണ്ടുതന്നെ ആഴ്‌സണല്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെ. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആഴ്‌സണല്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് ഇക്കുറിയും ഇറങ്ങുന്നത്. നാല് പ്രധാന താരങ്ങളെ സ്‌ക്വാഡിലെത്തിച്ച് ടീം ശക്തിപ്പെടുത്തി. ന്യൂകാസിലിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമെറെസും ഗ്രീക്ക് വിംഗര്‍ ക്രിസ്റ്റോസ് സോലിസും ബയെര്‍ ലെവര്‍ക്യൂസന്റെ പിയെറോ ഹിന്‍കാപിയും ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഇലാന്‍ മെസ്‌ലിയറുമാണ് ആഴ്‌സണലില്‍ എത്തിയ പ്രധാന താരങ്ങള്‍.

ഡെക്ലാന്‍ ഡൈസ്, മാര്‍ട്ടിന്‍ ഒഡേഗാഡ്, മാര്‍ട്ടിന്‍ സുബിമെന്‍ഡി എന്നിവര്‍ക്കൊപ്പം ബ്രൂണോ ഗിമെറെസ് കൂടി മധ്യനിരയിലേക്ക് എത്തുമ്പോള്‍ ആഴ്‌സണല്‍ എഞ്ചിന്‍ തയ്യാര്‍. മധ്യനിരയില്‍ അര്‍ട്ടേറ്റ ഏത് കോംപിനേഷന്‍ ആയിരിക്കും പരീക്ഷിക്കുക എന്നറിയാനും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഗോളടിക്കാന്‍ വിക്ടോര്‍ ഗ്യോക്കെറസും പരിക്ക് മാറിയെത്തിയ ബുക്കായോ സാക്കയുമുണ്ട്. മാക്‌സ് ഡൗമാന്‍, ലൂയിസ് സ്‌കെല്ലി തുടങ്ങിയ ഒരുപിടിയുവതാരങ്ങളും അര്‍ട്ടേറ്റയുടെ ആയുധപ്പുരയിലുണ്ട്.

പ്രതിരോധമാണ് ആഴ്‌സണലിന്റെ ആണിക്കല്ല്. ഗോള്‍ വലയത്തിന് മുന്നില്‍ ഡേവിഡ് റയ വിശ്വസ്തന്‍. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഏറ്റവും കുറച്ച് ഗോളുകള്‍ നേടിയ ടീമാണ് ആഴ്‌സണല്‍. കമ്യൂണിറ്റി ഷീല്‍ഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്‌സണല്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

YouTube video player