ലണ്ടന്‍: ആഴ്സണല്‍ ഫുട്ബോള്‍ താരങ്ങളായ മെസ്യൂട് ഓസിലിനെയും സീഡ് കൊളാസിനാച്ചിനെയും ബൈക്കിലെത്തിയ അക്രമിസംഘം കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഇരുവരുടെയും ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച ലണ്ടനിലെ ഗോള്‍ഡേഴ്സ് ഗ്രീന്‍ ഡിസ്ട്രിക്ടിലേക്ക് കാറില്‍ പോവുമ്പോഴാണ് സംഭവം.

കൊളാസിനാച്ച് അക്രമികളെ നേരിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കത്തി കാട്ടി ഭീക്ഷണിപ്പെടുത്തുന്ന അക്രമികളെ കാറില്‍ നിന്നിറങ്ങി  കൊളാസിനാച്ച് തുരത്തിയോടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഓസിലിന്റെ കറുത്ത മെഴ്സിഡസിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. കാര്‍ തടഞ്ഞു നിര്‍ത്തിയശേഷം കാറിന്റെ ചില്ല് അക്രമികള്‍ കല്ലുവെച്ച് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

സംഭവത്തില്‍ ഇരുതാരങ്ങള്‍ക്കും പരിക്കൊന്നുമില്ലെന്നും ഇരുവരും സുരക്ഷിതരാണെന്നും ആഴ്സണല്‍ വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതാദ്യമായല്ല ലണ്ടനിലെ തെരുവില്‍ ഫുട്ബോള്‍ താരങ്ങള്‍ അക്രമണത്തിന് ഇരയാകുന്നത്. 2016ല്‍ മുന്‍ വെസ്റ്റ് ഹാം താരം ആന്‍ഡി കാരളിനെ അക്രമികള്‍ തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തിയിരുന്നു.