ഗുവാഹത്തി: 2010 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വയ്‌ക്കെതിരെ ക്വാര്‍ട്ടറിന് ശേഷം കരഞ്ഞുകൊണ്ട് കളംവിട്ട ഘാനയുടെ അസമോവ ഗ്യാനിന്റെ മുഖം ഫുട്‌ബോള്‍ ആരാധകര്‍ മറന്നുകാണില്ല. അവസാന നിമിഷം ലഭിച്ച പെനാല്‍ നഷ്ടമാക്കിയത് ഗ്യാനായിരുന്നു. അത് ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാവുമായിരുന്നു ഘാന. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വ വിജയിക്കുകയായിരുന്നു.

പിന്നീട് യുറോപ്പില്‍ വിവിധ ക്ലബുകള്‍ക്കായി കളിച്ചു ഗ്യാന്‍. ഇപ്പോഴിതാ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനൊരുങ്ങുകയാണ് ഘാനയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍. വരുന്ന സീസണില്‍ ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടിയാണ് ഗ്യാന്‍ ബൂട്ടുക്കെട്ടുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരി എ എന്നിവിടങ്ങൡ കളിച്ച പരിചയസമ്പത്തുമായിട്ടാണ് ഗ്യാന്‍ ഇന്ത്യയിലെത്തുക. കഴിഞ്ഞ മെയില്‍ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.

ഗ്യാന്‍ ക്ലബിലെത്തിയ കാര്യം ക്ലബ് അധികൃതര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ ബാര്‍തൊളോമ്യൂ ഒഗ്ബഷേയ്ക്ക് പകരമാണ് ഗ്യാന്‍ എത്തുക. കഴിഞ്ഞ സീസണില്‍ 12 ഗോളുമായി നോര്‍ത്ത് ഈസ്റ്റിന്റെ  ടോപ് സ്‌കോററായിരുന്നു ഒഗ്ബഷേ.