ബംഗളൂരു: ബംഗളൂരു എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ പ്രകീര്‍ത്തിച്ച് മലയാളി താരം ആഷിഖ് കുരുണിയന്‍. നിലവില്‍ ബംഗളൂരു എഫ്‌സിയുടെ വിംഗറാണ് മലപ്പുറത്തുകാരനായ ആഷിഖ്. ഈ സീസണിലാണ് താരം ബംഗളൂരുവുമായ കരാര്‍ ഒപ്പിട്ടത്. അഞ്ച് വര്‍ഷകാലം പൂനെ സിറ്റിക്കായി കളിച്ച ശേഷമാണ് താരം ബംഗളൂരുവിലെത്തിയത്. 

ബംഗളൂരുവില്‍ പരിശീലനത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ആഷിഖ്. 22കാരന്‍ തുടര്‍ന്നു... ''ഇത്രയേറെ പ്രൊഫഷണലിസം കാണിക്കുന്ന മറ്റൊരു ആരാധക സംഘത്തേയും ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഏതൊരു ഫുട്‌ബോള്‍ താരവും ആഗ്രഹിച്ച് പോവും ഇത്തരത്തിലുള്ള ആരാധകരെ. ഈ ആരാധകരുടെ മുന്നില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കും. 

ഒരു സ്വപ്‌നമായിരുന്നു ബംഗളൂരു എഫ്‌സിക്കൊപ്പം കളിക്കുകയെന്നത്. ഐ ലീഗില്‍ ഞാന്‍ ഇവര്‍ക്കെതിരെ ഈ ഗ്രൗണ്ടില്‍ കളിച്ചിട്ടുണ്ട്. മികച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നുവത്. അന്നുതന്നെ ആഗ്രഹിച്ചിരുന്നു ബംഗളൂരു എഫ്‌സിയില്‍ കളിക്കണമെന്ന്. അത് യാഥാര്‍ത്ഥ്യമായി. ഇനി ട്രോഫികള്‍ നേടണം.'' ആഷിഖ് പറഞ്ഞുനിര്‍ത്തി.