മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക്. ഫൈനലില്‍ ബാഴ്‌സലോണയെ അട്ടിമറിച്ചാണ്, അത്‌ലറ്റിക്ക് ബില്‍ബാവോ കിരീടം നേടിയത്. എക്‌സ്ട്രാ സമയത്തേക്ക് നീണ്ട മത്സരത്തില്‍ 2-3നായിരുന്നു ബില്‍ബാവോയുടെ ജയം.  40-ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനിലൂടെ ബാഴ്‌സയാണ് ആദ്യം ഗോള്‍ നേടിയത്. 

42ആം മിനിറ്റില്‍ അത്‌ലറ്റിക്ക് ബില്‍ബാവോ തിരിച്ചടിച്ചു. ഓസ്‌കാര്‍ ഡി മാര്‍കോസാണ് ഗോള്‍ നേടിയത്. 77ആം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. അവസാന മിനിറ്റുകളില്‍ ബില്‍ബാവോ ഒപ്പമെത്തി. അസീര്‍ വിയലിബ്രെയാണ് ഗോള്‍ നേടിയത്. ഇതോെട നിശ്ചിത സമയം സമനിലയോടെ പിരിയുകയായിരുന്നു. 93ാം മിനിറ്റില്‍ നാകി വില്യംസാണ് ഗോള്‍ നേടിയത്. 

അവസാന നിമിഷം ലിയോണല്‍ മെസി ചുവപ്പ് കാര്‍ഡുമായി പുറത്തുപോവുകയും ചെയ്തു. ബാഴ്‌സയ്ക്കായി 753 മത്സരങ്ങളില്‍ കളിച്ച മെസിയുടെ ക്ലബ് കരിയറിലെ ആദ്യ റെഡ് കാര്‍ഡാണിത്. കൂടാതെ ഫുട്‌ബോള്‍ കരിയറിലെ മൂന്നാമത്തെ റെഡ് കാര്‍ഡും. നേരത്തെ ആര്‍ജന്റീനയന്‍ ജേഴ്‌സിയില്‍ താരം രണ്ട് തവണ റെഡ് കാര്‍ഡ് പുറത്തായിട്ടുമുണ്ട്.