ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എടികെ തലപ്പത്ത് തിരിച്ചെത്തി. ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് എടികെ തോല്‍പ്പിച്ചത്. റോയ് കൃഷ്ണ എടികെയ്ക്ക വേണ്ടി രണ്ട് ഗോള്‍ നേടി. എഡു ഗാര്‍സിയയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. പരാജയപ്പെട്ടതോടെ ജംഷഡ്പൂരിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചു. 14  മത്സരങ്ങളില്‍ 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവര്‍.

52ാം മിനിനിറ്റില്‍ ജിതേന്ദ്ര സിങ് ചുവപ്പ് കാര്‍ഡ് കണ്ട പുറത്തായത് ജംഷ്ഡപൂരിന് തിരിച്ചടിയായി. അതിന് ശേഷമാണ് രണ്ട് ഗോളുകള്‍ പിറന്നത്. രണ്ടാം മിനിറ്റില്‍ തന്നെ ആദ്യഗോള്‍ പിറന്നു. 59ാം മിനിറ്റില്‍ എഡു ഗാര്‍സിയ ലീഡുയര്‍ത്തി. 75ാം മിനിറ്റില്‍ റോയ് കൃഷ്ണ എടികെയ്ക്ക് വിജമുറപ്പിച്ച ഗോള്‍ സമ്മാനിച്ചു.

ഗോവയെ മറികടന്നാണ് എടികെ ഒന്നാമതെത്തിയത്. ഇരുവര്‍ക്കും 30 പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ എടികെയാണ് മുന്നില്‍. ബംഗളൂരു എഫ്‌സി 28 പോയിന്റോടെ മൂന്നാമതാണ്. 23 പോയിന്റുള്ള മുംബൈ എഫ്‌സിയാണ് നാലാം സ്ഥാനത്ത്.