നവാഗതരായ ഹൈദരാബാദ് എഫ്‌സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വിയോടെ തുടക്കം. ഐടികെയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്.

കൊല്‍ക്കത്ത: നവാഗതരായ ഹൈദരാബാദ് എഫ്‌സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വിയോടെ തുടക്കം. ഐടികെയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ഡേവിഡ് വില്യംസ്, എഡു ഗാര്‍സിയ എന്നിവരുടെ ഇരട്ട ഗോളും റോയ് കൃഷ്ണയുടെ ഒരു ഗോളുമാണ് എടികെയ്ക്ക് വിജയം സമ്മാനിച്ചത്. മുന്‍ ചാംപ്യന്മാരായ എടികെയുടെ ആദ്യ ജയമാണിത്. 

മലയാളി താരം അനസ് എടത്തൊടികയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് എടികെ ഇറങ്ങിയത്. ആദ്യ പകുതിയിലായിരുന്നു എടികെയുടെ മൂന്ന് ഗോളുകളും. 26ാം മിനിറ്റില്‍ ചാവി ഫെര്‍ണാണ്ടസിന്റെ പാസ് വില്യംസ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ട് മിനിറ്റിന് ശേഷം ഒരിക്കല്‍കൂടി എടികെ ലീഡ് നേടി. ഇത്തവണ വില്യംസിന്റെ പാസ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ജയേഷ് റാണയുടെ പാസില്‍ വില്യംസ് ലീഡ് മൂന്നാക്കി ഉയര്‍ത്തി.

88ാം മിനിറ്റില്‍ എഡു ഗാര്‍സിയുടെ ഗോളെത്തി. പ്രഭിര്‍ ദാസാണ് ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇഞ്ചുറി ടൈമില്‍ ഗാര്‍സിയ ഒരിക്കല്‍കൂടി വല ചലിപ്പിച്ചു. ഇത്തവണയും ദാസിന്റെ അസിസ്റ്റാണ് ഗോളില്‍ അവസാനിച്ചത്.